ജോളി രാജി വയ്ക്കില്ല; ജോളി രാജി വച്ചു; ജോളി തൽസ്ഥാനത്തു തുടരും..

ജോളി രാജി വയ്ക്കില്ല;  ജോളി രാജി വച്ചു; ജോളി തൽസ്ഥാനത്തു തുടരും..

പാർട്ടി രാജി വയ്ക്കുവാൻ അന്ത്യശാസനം നൽകിയിട്ടും പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് രാജി വയ്ക്കില്ല എന്നാണറിയുന്നത്. എന്നാൽ, ജോളി ടീച്ചർ എന്നറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അന്നമ്മ ജോസഫ് , പാർട്ടിയുടെ തീരുമാനമനുസരിച്ചു രാജി വച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി പാർട്ടിയുടെ നിർദേശമനുസരിച്ചു തത്സഥാനത്തു തുടരുവാൻ തീരുമാനിച്ചു ..

പാറത്തോട് പഞ്ചായത്തു പ്രസിഡന്റ് ജോളി ഡൊമിനിക് രാജി വച്ചൊഴിയാത്തതുകൊണ്ടു പാറത്തോട് പഞ്ചയത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാകുവാൻ സാധ്യതയേറി . കേരള കോൺഗ്രസിലെ ധാരണ പ്രകാരം കഴിഞ്ഞ പത്തൊൻപതിന് പ്രസിഡന്റ് ജോളി ഡൊമിനിക് രാജിവയ്ക്കേണ്ടതായിരുന്നു. ഇതനുസരിച്ച് പാർട്ടി പല പ്രാവശ്യം രാജി ആവശ്യം ഉന്നയിച്ചു വെങ്കിലും ഇവർ വഴങ്ങിയില്ല. ഈ പ്രശ്നത്തിൽ എൽ ഡി എഫ് പ്രസിഡൻറിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രശ്നം രൂക്ഷമായതോടെ പ്രസിഡൻറ് രാജി വച്ചില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേരള കോൺഗ്രസും, ‘കോൺഗ്രസും. പത്തൊൻപതംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് കേരള കോൺഗ്രസ് സഖ്യത്തിന് 10 അംഗങ്ങളും എൽ ഡി എഫിന് 8 അംഗങ്ങളും എസ് ഡി പി ഐയ്ക്ക് ഒരംഗവുമാണുള്ളത്. ജനപക്ഷത്തിന്റെ ഏക അംഗമായ വര്ഗീസ് കൊച്ചുകുന്നേൽ ഇടതു പക്ഷത്തന്റെ തീരുമാനം അനുസരിച്ചായിരിക്കും വോട്ടു ചെയ്യുന്നത് എന്നാണറിയുന്നത്. അതോടെ എസ് ഡി പി ഐയുടെ ഏക അംഗമായ അലിയാരുടെ പിന്തുണ അനുസരിച്ചായിരിക്കും ഭരണ സമിതിയുടെ നിലനിൽപ്പ് എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ .

എന്നാൽ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു കാര്യത്തിനും തങ്ങളുടെ പാർട്ടി പിന്തുണ നൽകില്ല എന്നുള്ള നിലപാടിലാണ് അലിയാർ. ആ തീരുമാനം ഭരണപക്ഷത്തിന് വളരെ ആശ്വാസമാണ് നൽകുന്നത്.

അവിശ്വാസത്തിൽ പരാജയപ്പെട്ടാൽ പ്രസിഡണ്ട് ജോളി ഡൊമിനിക്കിന്റെ രാഷ്ട്രീയ ഭാവിയെ സാരമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. പാർട്ടിയുടെ വിപ്പ് ലംഘനം നടത്തിയാൽ കൂറുമാറ്റ നിരോധന നിയമം അനുസരിച്ചു പാർട്ടിയിൽ നിന്നും പുറത്താകുന്നത് കൂടാതെ, തെരിരെഞ്ഞെടുപ്പു മത്സരത്തിൽ നിന്നും വിലക്കും ഉണ്ടായേക്കും . അതിനാൽ പ്രസിഡണ്ട് ജോളി ഡൊമിനിക്കിന്റെ രാജി വയ്ക്കില്ല എന്ന തീരുമാനം പലരെയും അത്ഭുതപ്പെടുത്തി.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു പാർട്ടിയുടെ ഉന്നത നേതാക്കൾ ശകത്മായ സമ്മർദ്ദം നടത്തുന്നുണ്ട് . പാർട്ടിയുടെ തീരുമാനത്തോട് പ്രസിഡണ്ട് താമസിയാതെ വഴങ്ങും എന്നുതന്നെയാണ് കരുതപ്പെടുന്നത്.

വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/fQnUKo