പ്രമുഖ രാഷ്ര്ടീയ സാമൂഹ്യ പ്രവർത്തകൻ ജോസ് ഡി. ഇലവുങ്കൽ (91) ഓർമ്മയായി

പ്രമുഖ രാഷ്ര്ടീയ സാമൂഹ്യ പ്രവർത്തകൻ   ജോസ് ഡി.  ഇലവുങ്കൽ  (91) ഓർമ്മയായി

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തോളം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ജോസ് ഡി. ഇലവുങ്കൽ (91) ഓര്‍മ്മയായി. കാഞ്ഞിരപ്പള്ളിയിലെ യാചകരെയും മറ്റ് അനാഥരെയും സംരക്ഷിക്കുന്നതിന് അഭയ ഭവന്‍ എന്ന പ്രശസ്ത സ്ഥാപനം ആരംഭിക്കുന്നതിന് മുന്‍കൈ എടുക്കുകയും കാല്‍ നൂറ്റാണ്ടുകാലം സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയും ചെയ്ത അദ്ദേഹം മണ്ണാറക്കയം ജനതാ ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളാണ്. കേരള സംസ്ഥാനത്തിന്റെ പല വികസന പ്രവർത്തനങ്ങളിലും പ്രധാന പങ്കു വഹിച്ചിട്ടുള്ള ജോസ് ഡി. ഇലവുങ്കലിന് സ്‌റ്റേറ്റ് അവാര്‍ഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് .

സംസ്ക്കാരം വ്യാഴം (11/10/18) രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. മൃതദേഹം ബുധൻ (10/10/18) വൈകിട്ട് നാലുമണിയ്ക്കു മണ്ണാറക്കയത്തുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്. ഭാര്യ പരേതയായ അക്കമ്മ (മാന്നാനം പെരുമാലിൽ ചിറയിൽ കുടുംബാംഗം). മക്കൾ: ബീന, ജോഷി, ജയൻ: മരുമക്കൾ: രാജു കുഴിക്കാട്ട് (പൊൻകുന്നം), ദർശന (പൂന്നെ), മിനി കുന്നപ്പള്ളി (പൊൻകുന്നം)

കേരളത്തിന്റെ രാഷ്ര്ടീയാചാര്യനായിരുന്ന പട്ടം താണുപിള്ളയുടെ സഹപ്രവര്‍ത്തകനായി സോഷ്യലിസ്റ്റ് പാര്‍ട്ടി (പി. എസ്. പി.) സ്‌റ്റേറ്റ് കമ്മറ്റി മെമ്പറായും, സ്‌റ്റേറ്റ് പാര്‍ലമെന്ററി ബോര്‍ഡ് മെമ്പറായും തുടര്‍ന്ന് പാര്‍ട്ടിയുടെ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംഗീത നാടക അക്കാഡമി എക്‌സിക്യുട്ടീവ് മെമ്പറായി പതിനാറു കൊല്ലത്തോളം സേവനം അനുഷ്ഠിച്ചു. നാഷണല്‍ സേവിങ് സ്‌റ്റേറ്റ് അഡ്‌വൈസറി ബോര്‍ഡുകളില്‍ അംഗമായിരുന്നിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ഉപദേശക സമിതി അംഗവും ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാന്‍മാരായിരുന്ന കോട്ടയം ജില്ലാ വികസന സമിതി അംഗവുമായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ യാചകരെയും മറ്റ് അനാഥരെയും സംരക്ഷിക്കുന്നതിന് അഭയ ഭവന്‍ എന്ന പ്രശസ്ത സ്ഥാപനം ആരംഭിക്കുന്നതിന് മുന്‍കൈ എടുക്കുകയും കാല്‍ നൂറ്റാണ്ടുകാലം സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനായ അന്നത്തെ റവന്യുമന്ത്രി സ്ഥാപനത്തിന് പത്തേക്കര്‍ സ്ഥലം മുണ്ടക്കയത്ത് സൗജന്യമായി നല്‍കിയത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

മണ്ണാറക്കയം ജനതാ ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളാണ്. കേരളത്തില്‍ ഏറ്റവും പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന പത്ത് ആര്‍ട്‌സ് ക്ലബ്ബുകളില്‍ ഒന്നായി പില്‍ക്കാലത്ത് ഈ ക്ലബ്ബിനെ അക്കാഡമി തിരഞ്ഞെടുത്ത് ആദരിച്ചു. ഇതിനു പുറമെ നാല്‍പതോളം സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, പബ്ലിക് സമിതികളില്‍ സേവനം അനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത സേവനത്തെ അംഗീകരിച്ച് വിവിധ സ്ഥാപനങ്ങള്‍ ഒരു സ്‌റ്റേറ്റ് അവാര്‍ഡ് ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. വിമോചന സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് വരിച്ച്, എ ക്ലാസ് തടവുകാരനായി കുറച്ചു കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് കിടന്നിട്ടുണ്ട്. പ്രസിദ്ധ പ്രാസംഗികന്‍ എന്ന നിലയില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം അരനൂറ്റാണ്ടിനിടയില്‍ രണ്ടായിരത്തോളം പ്രസംഗങ്ങള്‍ ചെയ്തയാളാണ്.

ബിസിനസ് രംഗത്ത് പാലാ യുണൈറ്റഡ് ബാങ്ക് മാനേജര്‍, രണ്ട് അനുബന്ധ കമ്പനികുടെ മാനേജിങ് ഡയറക്ടര്‍, കാഞ്ഞിരപ്പള്ളി ന്യൂ ഇന്ത്യ റബര്‍ വര്‍ക്ക് മാനേജര്‍, കാഞ്ഞിരപ്പള്ളി ഇന്‍ഡ്യാ ഫുഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, യംഗ് മെന്‍സ് സൊസൈറ്റി സഹൃദയ പബ്ലിക് ലൈബ്രറി, കത്തീഡ്രല്‍ മ്യൂസിയം ആന്റ് ആര്‍ച്ചീവ് കമ്മറ്റി എന്നീ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ തൊഴിലാളി സംഘടനകളുടെ
ഉപാധ്യക്ഷനായിരുന്നു.