മകളുടെ നാല് ദിവസം പ്രായമായ കുഞ്ഞിനെ കാണുവാൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ പോയി തിരികെ വരവെ വയോധികൻ അപകടത്തിൽ പെട്ട് മരണമടഞ്ഞു

മകളുടെ നാല് ദിവസം പ്രായമായ കുഞ്ഞിനെ കാണുവാൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ  പോയി തിരികെ വരവെ വയോധികൻ അപകടത്തിൽ പെട്ട് മരണമടഞ്ഞു


പൊൻകുന്നം : കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി ഇല്ലിക്കൽ ബേക്കറിയിലെ ജീവനക്കാരനായിരുന്ന, ചിറക്കടവ് കത്തലാങ്കൽപ്പടി കൈപ്ളശേരി ജോസഫ് മാത്യു (ജോസ് -63 ), മകളുടെ നാല് ദിവസം പ്രായമായ കുഞ്ഞിനെ കാണുവാൻ ഭാര്യക്കൊപ്പം ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോയി തിരികെ വരവെ, എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി ടി.ബി.റോഡിൽ വച്ച് ശനിയാഴ്ച രാത്രി 8.30-നായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഉടൻ തന്നെ ജോസഫ് മാത്യുവിനെ തൊട്ടടുത്ത കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ കത്തലാങ്കൽപ്പടി തണ്ണിപ്പാറ ജിഷ്ണു (23) ന് പരിക്കേറ്റു. ജിഷ്ണു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കു സമീപം തട്ടുകടയിലെ ജീവനക്കാരനായിരുന്നു. ഇദ്ദേഹം വീട്ടിൽ നിന്ന് കടയിലേക്ക് പോകുമ്പോളാണ് കൂട്ടിയിടിച്ചത്.

അപകടം നടക്കുമ്പോൾ ജോസഫ് മാത്യുവിനൊപ്പം സ്കൂട്ടറിൽ ഭാര്യ അന്നമ്മയും ഒപ്പമുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

മക്കൾ: ജോസ്‌നിയ, ജെസി, ജിൻസ്(കുവൈറ്റ്).

മരുമക്കൾ: റോബിൻ(തുണ്ടത്തിൽ, എലിക്കുളം), സുബിൻ(മംഗലത്ത്, പാലാക്കാട്, മീനച്ചിൽ).