ഉരുൾപൊട്ടൽ: കൂട്ടിക്കൽ മേഖലയിലെ നവീകരണത്തിന് ഒരു കോടി രൂപയുടെ വികസനപദ്ധതി നടപ്പിലാക്കുമെന്ന് കെ.രാജേഷ്

ഉരുൾപൊട്ടൽ: കൂട്ടിക്കൽ മേഖലയിലെ നവീകരണത്തിന് ഒരു കോടി രൂപയുടെ വികസനപദ്ധതി നടപ്പിലാക്കുമെന്ന് കെ.രാജേഷ്

മുണ്ടക്കയം : ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ദുരിതത്തിലായ കൂട്ടിക്കല്‍ പഞ്ചായത്തിന്റെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വികസനപദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാപഞ്ചായത്തംഗം കെ.രാജേഷ് അറിയിച്ചു. ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും തകരാറിലായ റോഡുകളും പാലങ്ങളും നവീകരിക്കുന്നതിനും പുതിയവ നിര്‍മ്മിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുന്നത്.

ഇളംകാട് ടോപ്പ്- അംഗന്‍വാടിപ്പടി പാലം നിര്‍മ്മിക്കുന്നതിനായി 40 ലക്ഷം രൂപ, കൊടുങ്ങ ക്ഷേത്രംപടി കലുങ്ക് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ, കല്ലുമുണ്ട- കാവാലി -പ്ലാപ്പള്ളി റോഡ് -10 ലക്ഷം രൂപ, മുണ്ടപ്പള്ളി-വള്ളക്കാട് റോഡി-10 ലക്ഷം രൂപ, ഇളംകാട്-മ്ലാക്കര റോഡ് – 10 ലക്ഷം രൂപ, കൂട്ടിക്കല്‍ ആറേക്കര്‍ എസ്.സി.കോളനി റോഡി-10 ലക്ഷം രൂപ, ചാത്തന്‍പ്ലാപ്പള്ളി റോഡ് 5 ലക്ഷം രൂപ, താളുങ്കല്‍ മൂന്നുവീട് ഭാഗം റോഡ് -5 ലക്ഷം രൂപ എന്നിവയ്ക്കായുള്ള പദ്ധതി നിര്‍ദ്ദേശം കോട്ടയം ജില്ലാപഞ്ചായത്ത് അംഗീകരിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തില്‍ 2018-19 വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പുറമെയാണ് അധികമായി ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍ അനുവദിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത്, മുണ്ടക്കയം ഡിവിഷനിലുള്‍പ്പെട്ട 7 പഞ്ചായത്തുകളില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലായിരുന്നു ഏറ്റവുമധികം ദുരിതങ്ങള്‍ സംഭവിച്ചത്. നിരവധി റോഡുകളും, പാലങ്ങളും, കലുങ്കുകളും വ്യാപകമായി സംഭവിച്ച മണ്ണിടിച്ചിലിലും , ഉരുള്‍പൊട്ടലിലും, ഗതാഗതയോഗ്യമല്ലാതായിരുന്നു. 53 തവണയാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. നിരവധി വീടുകള്‍ക്കും, കൃഷിടിയങ്ങള്‍ക്കും നാശനഷ്ടംസംഭവിച്ചിരുന്നു.

സെപ്തംബര്‍ രണ്ടിന് സി.പി.ഐ.എം. കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി നേതൃത്വത്തില്‍ 300 വോളണ്ടിയര്‍മാര്‍ കൂട്ടിക്കല്‍-ഇളംകാട് മേഖലയില്‍ സന്നദ്ധസേവന പ്രവര്‍ത്തനം തുടങ്ങുകയും, വാസയോഗ്യമല്ലാതിരുന്ന വീടുകളടക്കം നവീകരിക്കുകയും ചെയ്തിരുന്നു കൊടുങ്ങ റോഡ് സഞ്ചാരയോഗ്യയമാക്കുകയും വീടുകളിലെ കിണറുകൾ വൃത്തിയാക്കുകയും ചെയ്തിരുന്നു.