കടന്നൽ കൂട്ടം ആക്രമിച്ചു, ആറ്റിൽ ചാടിയിട്ടും രക്ഷയില്ല, ആറുപേർ ആശുപത്രിയിൽ

കടന്നൽ  കൂട്ടം ആക്രമിച്ചു, ആറ്റിൽ ചാടിയിട്ടും രക്ഷയില്ല,  ആറുപേർ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ വഴിയാത്രക്കാരെ കടന്നൽ കൂട്ടം ആക്രമിച്ചു, രക്ഷപെടുവാൻ കൈയിലുള്ളതെല്ലാം, പണമടങ്ങിയ ബാഗുവരെ വലിച്ചെറിഞ്ഞിട്ടു ആറ്റിൽ ചാടി വെള്ളത്തിൽ മുങ്ങിയിട്ടും രക്ഷയില്ല, കലിയടങ്ങാത്ത ക്രൂരമായ കടന്നൽ ആക്രമണത്തിൽ പരിക്കുപറ്റിയ ആറുപേർ ആശുപത്രിയിൽ ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിനു സമീപം ദേശീയപാതയ്ക്ക് അടുത്തുള്ള ചങ്ങലപ്പാലത്തിനു സമീപം രണ്ടരയോടെ നൂറുകണക്കിന് കടന്നലുകൾ ഇളകി വന്നു വഴിയാത്രക്കാരെയും, അവരെ രക്ഷപെടുത്തുവാൻ ശ്രമിച്ചവരെയും, സമീപവാസികളെയും ആക്രമിച്ചു. ഉടുതുണി ഊരിയെറിഞ്ഞു തോട്ടത്തിലെ ചെടികൾക്കിടയിൽ ഒളിക്കുവാൻ ശ്രമിച്ചപ്പോൾ കലിയടങ്ങാതെ അവിടെയും വളഞ്ഞിട്ടു കുത്തി. ജീവൻ രക്ഷിക്കുവാൻ ആറ്റിൽ ചാടിയിട്ടും കടന്നലുകൾ വിട്ടില്ല .. മുങ്ങിയയാൽ പൊങ്ങിവരുവാൻ വേണ്ടി ചുറ്റും വട്ടമിട്ടു പറന്നു. തുടർന്ന് അവശനായി ബോധം മറഞ്ഞ ലോട്ടറി വില്‍പ്പനക്കാരന്‍ കൊടുങ്ങൂര്‍ സ്വദേശി പന്തിരുവേലില്‍ ജയിസണ്‍ എന്നയാളെ ഫയര്‍ഫോഴ്‌സ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യം കടന്നലുകൾ ആക്രമിച്ചത് ലോട്ടറി നടന്നു വിൽക്കുവാൻ അതുവഴി പോയ ജെയ്‌സനെയായിരുന്നു.

ജെയ്‌സനെ കടന്നലുകൾ വട്ടമിട്ടു ആക്രമിക്കുന്നത് കണ്ട് , അതുവഴി വന്ന സുരേഷ് എന്ന തമിഴ്നാട്ടുകാരനാണ് കലിയിളകിയ കടന്നലുകളുടെ അടുത്ത ഇരയായത്. കമ്പത്തുനിന്നും ചങ്ങനാശ്ശേരിയിലുള്ള സഹോദരിയെ കാണുവാൻ ബൈക്കിൽ പോയ വഴിക്കാണ് സുരേഷ് അപകടത്തിൽ പെട്ട ജെയ്‌സനെ രക്ഷയ്ക്കുവാൻ ശ്രമിച്ചത്. കട്ടിയുള്ള ജീൻസും ഷർട്ടും ഓവർകോക്കോട്ടും ധരിച്ചതിനാൽ കുത്തേൽക്കുമായില്ലായിരിക്കും എന്ന ധൈര്യത്തിൽ ബൈക്ക് നിർത്തി ഓടിച്ചെന്ന സുരേഷിന്റെ ഹെൽമെറ്റിന്റെ ഉള്ളിൽ ഒരു കടന്നൽ കയറിപറ്റി. അതിനെ ഇറക്കിവിടുവാൻ വേണ്ടി ഹെൽമെറ്റിന്റെ ഗ്ലാസ് പൊക്കിയപ്പോൾ, അതുവഴി നിരവധി കടന്നലുകൾ ഹെൽമെമ്മറിന്റെ ഗ്ലാസിന്റെ വിടവിലോടെ അകത്തേക്ക് കയറി സുരേഷിന്റെ മുഖമാകെ കുത്തികീറി.

തുടർന്ന് കടന്നലുകൾ അടുത്ത് തട്ടുകട നടത്തിയിരുന്ന പാലപ്ര പുതുപറമ്പില്‍ നൗഷാദിനെ ആക്രമിച്ചു. മർമ്മ സ്ഥാനത്തു കടന്നലിന്റെ കുത്തേറ്റാൽ മരണംവരെ സംഭവിക്കാം എന്ന കാര്യം അറിയാമായിരുന്ന പാലപ്ര പുതുപറമ്പില്‍ നൗഷാദ് ദേഹമാസകലം കുത്തേറ്റു പിടഞ്ഞപ്പോഴും ഉടുതുണിയൂരി തലയിൽ മുഖവും തലയും മൂടി കെട്ടി ഓടി അടുത്തുള്ള വീട്ടിലെത്തി, അവിടെനിന്നുള്ള ഒരു വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് വേഗം പോയി.

നൗഷാദിന്റെ തട്ടുകടയിൽ ഭക്ഷണം കഴിക്കുവാൻ എത്തിയവ മൂന്നുപേർക്കും കടന്നലിന്റെ ആക്രമണത്തിൽ പരുക്കേറ്റു, ആകെ ആറുപേർ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊടുങ്ങൂര്‍ സ്വദേശി പന്തിരുവേലില്‍ ജയിസണ്‍, കമ്പം സ്വദേശി സുരേഷ്, കരിപ്പായില്‍ ഷംസ് , പാറത്തോട് മുക്കാലി സ്വദേശി ഇല്ലിക്ക മുറിയില്‍ ജോപ്പന്‍, ഇടക്കുന്നം സ്വദേശി പാറയ്ക്കല്‍ ജിനു പി ഭാസ്‌ക്കരന്‍ , അരുൺ എന്നിവരാണ് കടന്നിലിന്റെ ആക്രമത്തിൽ പരിക്കേറ്റവർ.

വിവരമറിഞ്ഞു ഹൈവേ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും സാഹസികമായി പരിക്കേറ്റവരെ രക്ഷപ്പെടുത്തുകയായിരുന്നു. കടന്നലിന്റെ ആക്രമണം ഉണ്ടായതിനെ വളരെ അടുത്താണ് ആൽഫിൻ പബ്ലിക് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ വിടുന്ന സമയത്തിന് തൊട്ടു മുൻപ് സംഭവം നടന്നതിനാൽ വിദ്യാർഥികൾ അപകടത്തിൽ പെട്ടില്ല.

തോട്ടത്തിന്റെ മുൻകളിൽ കടന്നിലിന്റെ ഒരു വലിയ കൂട് ഉണ്ടെന്ന കാര്യം നാട്ടുകാർ അധികാരികളെ പല പ്രാവശ്യം അറിയിച്ചിരുന്നെങ്കിലും, അവർ അത് മുഖവിലക്കെടുത്തില്ല എന്ന് നാട്ടുകാർ പറഞ്ഞു. മരത്തിന് മുകളിലെ കടന്നല്‍ കൂട്ടില്‍ കാക്കയോ മറ്റു പക്ഷികളോ കൊത്തിയതിനെ തുടര്‍ന്നാണ് കടന്നല്‍ ഇളകിയത് എന്നാണ് കരുതപ്പെടുന്നത്. .

വലുപ്പത്തില്‍ ചെറിയവനെങ്കിലും കടന്നല്‍ അപകടകാരിയാണ്. പ്രത്യേകിച്ചും കൂട്ടമായി ആക്രമിക്കുമ്പോള്‍. പാമ്പിന്‍വിഷത്തിന്റെ പത്തിലൊന്നു വിഷം ഓരോ കടന്നലിലുമുണ്ട്. കടന്നലില്‍ ഏറ്റവും അപകടകാരി കാട്ടു കടന്നലാണ്. കാഴ്ചയില്‍ തേനീച്ച പോലെ തോന്നിക്കുമെങ്കിലും കടന്നല്‍ തേന്‍ ഉല്‍പാദിപ്പിക്കുന്നില്ല.

മര്‍മത്തിലാണു കടന്നല്‍ സാധാരണ കുത്തുക. ശരീരത്തിലെ മര്‍ ഭാഗങ്ങളില്‍ വിഷദംശം ഏറ്റാല്‍ പ്രഹരശേഷി പതിന്മടങ്ങാകും.. പ്രത്യേകിച്ചും അരയ്ക്കു മുകളിലായിരിക്കും സാധാരണ കടന്നലിന്റെ ആക്രമണം. നെറ്റിയുടെ മധ്യം, ഹൃദയഭാഗം, ചെന്നി, കഴുത്തിന്റെ വശങ്ങള്‍, തൊണ്ടയുടെ അടുത്ത് എന്നിവിടങ്ങളില്‍ കുത്തേറ്റാല്‍ വിഷം പെട്ടെന്നു സംക്രമിക്കും. അതിനാൽ തന്നെ കടന്നാൽ ആക്രമണം ഉണ്ടായാൽ മർമ്മ ഭാഗങ്ങൾ രക്ഷെപ്പടുത്തുവാൻ ശ്രമിക്കണം.

മരണത്തില്‍ നിന്നു രക്ഷപ്പെട്ടാലും കുത്തേറ്റ ഭാഗത്തു സ്പര്‍ശനം നഷ്ടപ്പെടുക പോലുള്ള അവസ്ഥയും ഭാവിയിലുണ്ടാകും. ഓടിരക്ഷപ്പെട്ട് വെള്ളത്തില്‍ മുങ്ങുകയാണു അറിവുള്ളവർ ചെയ്യുന്നത്. എന്നാല്‍ പോലും ഇര പോയ വഴി പിന്തുടരാനും ഏറെ നേരം കാത്തു നില്‍ക്കാനും കടന്നലുകള്‍ക്കറിയാം. ഉടനടി വൈദ്യസഹായം നല്‍കണം. ശരീരത്തില്‍ നിന്നു കൊമ്പ് ഊരി മാറ്റുകയും അലര്‍ജിക്കുള്ള മരുന്നുകള്‍ നല്‍കുന്നതും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. കുത്തേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തണം. ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനം, രക്തസമ്മര്‍ദം താഴുക തുടങ്ങിയ അവസ്ഥയും ജീവനു ഭീഷണി ഉയര്‍ത്തുന്നതാണ്.

കടന്നലിനു മുന്നില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമലര്‍ത്തുന്നു. അഗ്നിശമനസേനയ്ക്കോ പൊലീസിനോ വനംവകുപ്പിനോ കടന്നലിനെ നേരിടാന്‍ പരിശീലനം പോലുമില്ല. നിയമപരമായി അവയെ ഉപദ്രവിക്കാനും പാടില്ല. എന്നാല്‍ കടന്നല്‍കൂട് കണ്ടെത്തിയാല്‍ ഇപ്പോള്‍ അഗ്നിശമനസേനയുടെ സഹായം തേടുന്നതു പതിവായിട്ടുണ്ട്. മുന്‍പു രാത്രികാലങ്ങളില്‍ കൂടു കത്തിച്ചു കളഞ്ഞിരുന്നു. ചില സ്ഥലങ്ങളില്‍ അഗ്നിശമനസേന ശക്തിയായി വെള്ളം ചീറ്റിച്ചു കൂടു നശിപ്പിച്ചു കളയുന്നുണ്ട്. സന്ധ്യയ്ക്കാണ് ഓപറേഷന്‍ കടന്നല്‍ നടപ്പാക്കുന്നത്. പൊതുവെ ചലനശേഷി കുറവായ റാണി ഈച്ച ജലപ്രവാഹത്തില്‍ ചത്തു പോകുന്നതോടെ കടന്നല്‍ക്കൂട്ടം മറ്റു സ്ഥലങ്ങളിലേക്കു പോകുമെന്നാണു പറയപ്പെടുന്നത്.

എന്തായാലും കടന്നൽ വളരെ അപകടകാരിയാണ്. വലിയ കടന്നൽ കൂടുകൾ കണ്ടാൽ അടിയന്തിര നടപടികൾ കൈകൊള്ളുവാൻ അമാന്തിക്കരുത്. ചിലപ്പോൾ അവയുടെ കുത്തേറ്റാൽ അത് മരണകരണമായേക്കാം.