കർഷകരുടെ കൈയിലുള്ള പൊന്നിനെ ഊതിക്കാച്ചി മിന്നിക്കുവാൻ കണമല സർവീസ് സഹകരണ ബാങ്ക് നടത്തുന്ന കാർഷിക വിപ്ലവം വൻ വിജയത്തിലേക്ക്..

കർഷകരുടെ കൈയിലുള്ള പൊന്നിനെ ഊതിക്കാച്ചി മിന്നിക്കുവാൻ കണമല സർവീസ് സഹകരണ ബാങ്ക് നടത്തുന്ന കാർഷിക വിപ്ലവം  വൻ വിജയത്തിലേക്ക്..


കണമല : സഹായത്തിനായി അധികാരികളുടെ മുൻപിൽ കൈനീട്ടാതെ സ്വന്തം കൈയിലിരിക്കുന്ന കൃഷി എന്ന വിലമതിക്കാനാവാത്ത പൊന്നിനെ ഊതിക്കാച്ചി മിനുക്കുവാൻ കർഷകർക്ക് പ്രചോദനമേകുകയാണ് കണമല സർവീസ് സഹകരണ ബാങ്ക്.

കൃഷി നന്നായി ചെയ്യുവാൻ മനസ്സുള്ള കർഷകർക്ക് കൃഷിഭൂമി ഒരു പ്രതിബന്ധമായപ്പോൾ, ബാങ്ക് തന്നെ കൃഷിക്ക് സ്ഥലം ഏറ്റെടുത്തു നൽകി. മാത്രമല്ല കർഷകരെ സഘടിപ്പിച്ച് കൂട്ടുകൃഷി സമ്പ്രദായത്തിൽ അവർക്ക് ധനസഹായം നൽകുകയും, ഒപ്പം വിളവെടുക്കുമ്പോൾ ലാഭം കർഷകർക്ക് നൽകുമെന്നും പ്രഖ്യാപിച്ചു.

ആറ് ഏക്കറിലെത്തി നിൽക്കുന്ന ഈ കാർഷിക വിപ്ലവം പോത്ത് ഗ്രാമം, ആട് ഗ്രാമം, തേൻ ഗ്രാമം, കാന്താരി വിപ്ലവം, മത്സ്യകൃഷി എന്നിവയൊക്കെ തുടങ്ങിയ കണമല സർവീസ് സഹകരണ ബാങ്കിന്റേതാണ്. കൂടുതൽ കൃഷി സ്ഥലം ക്രമീകരിക്കാനുള്ള ശ്രമം ബാങ്കിന്റെ നേതൃത്വത്തിൽ ഇപ്പോൾ പുരോഗമിക്കുകയാണ്.

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും ആദ്യം ഒരു ലക്ഷം രൂപ നൽകിയതും കൊറോണക്കാലത്ത് വായ്പാ ഇളവുകൾ അനുവദിച്ചതും കണമല ബാങ്കാണ്. കുടിയേറ്റ കർഷകരിലൂടെ ജനവാസം തുടങ്ങിയ പമ്പാവാലിയിലെ ആദ്യ ബാങ്ക് കൂടിയാണിത്. ബാങ്കിന് കീഴിലുള്ള ഫാർമേഴ്‌സ് ക്ലബ്ബുകൾ വഴി തരിശുഭൂമികൾ പാട്ടത്തിനും മറ്റും എടുത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ബാങ്ക് നേരിട്ടാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ഒപ്പം നാട്ടിലെ മികച്ച കർഷകരുടെ പങ്കാളിത്തവുമുണ്ട്.

സ്ഥലം ഉണ്ടായിട്ടും കൃഷി നടത്താൻ കഴിയാത്തവർക്ക് ബാങ്കിനെ സമീപിച്ചാൽ മതി. സ്ഥലം ഉടമക്കും കർഷകർക്കും ഒരേപോലെ പ്രയോജനം ലഭിക്കുന്ന വിധമാണ് ബാങ്ക് ഇടപെട്ട് കൃഷി ചെയ്യുന്നത്. വിളകൾക്ക് വിപണിയും മികച്ച വിലയും ബാങ്ക് ഒരുക്കിനൽകുകയും ചെയ്യും. ശാസ്ത്രീയ കൃഷിരീതികളാണ് അവലംബിക്കുന്നതെന്ന് ജൈവ കൃഷിയിൽ പരിശീലകൻ കൂടിയായ ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ്‌ മങ്കന്താനം പറഞ്ഞു.