എക്‌സൈസ് സംഘത്തിന്റെ വല പൊട്ടിച്ചു കഞ്ചാവ് പ്രതി കടന്നുകളഞ്ഞു ; മൂന്നുകിലോ കഞ്ചാവ് കാഞ്ഞിരപ്പള്ളി പോലീസ് കണ്ടെടുത്തു.

എക്‌സൈസ് സംഘത്തിന്റെ വല പൊട്ടിച്ചു  കഞ്ചാവ് പ്രതി കടന്നുകളഞ്ഞു ;  മൂന്നുകിലോ കഞ്ചാവ് കാഞ്ഞിരപ്പള്ളി പോലീസ് കണ്ടെടുത്തു.


എക്‌സൈസ് സംഘത്തിന്റെ വല പൊട്ടിച്ചു കഞ്ചാവ് പ്രതി കടന്നുകളഞ്ഞു ; മൂന്നുകിലോ കഞ്ചാവ് കാഞ്ഞിരപ്പള്ളി പോലീസിന്റെ വലയിലായി

കാഞ്ഞിരപ്പള്ളി : ഇന്ന് രാവിലെ നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ കഞ്ചാവ് പ്രതി മുണ്ടക്കയത്തെ എക്‌സൈസ് സംഘത്തെ വെട്ടിച്ചു രക്ഷപ്പെട്ടെങ്കിലും, പ്രതിയുടെ കൈയിൽ ഉണ്ടായിരുന്ന മൂന്നുകിലോ കഞ്ചാവ് കാഞ്ഞിരപ്പള്ളി പോലീസിന്റെ കൈയിലെത്തി.

മൂന്നുകിലോ കഞ്ചാവുമായി ഒരാൾ കുമളിയിൽ നിന്നും മുണ്ടക്കയം വഴിയുള്ള ബസ്സിൽ എത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് മുണ്ടക്കയത് എക്സൈസ് സംഘം രാവിലെ മുതൽ കർശന വാഹന പരിശോധന നടത്തിയിരുന്നു. ആ സമയത്തു പ്രതി ഒരു കെ എസ് ആർ ടി സി ബസ്സിൽ മുണ്ടക്കയത് എത്തി. ബസ്സു സ്റ്റാൻഡിലേക്ക് പ്രവേശിച്ചപ്പോൾ എക്സൈസ് സംഘത്തിന്റെ പരിശോധന കണ്ടു പ്രതിയായ യുവാവ് ബസ്സിൽ നിന്നും ഇറങ്ങി ഓടി.

അയാൾ കഞ്ചാവ് പ്രതിയെണെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘവും നാട്ടുകാരും അയാളെ പിടിക്കുവാൻ പിറകെ ഓടിയെങ്കിലും അയാൾ അവരെ വെട്ടിച്ചു ഓടി രക്ഷപെട്ടു. എക്സൈസ് സംഘം തിരികെ സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ്സ് സ്റ്റാൻഡിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു. അതിനാൽ അവർക്കു ബസ്സിനുള്ളിൽ പരിശോധന നടത്തുവാൻ സാധിച്ചില്ല.

എന്നാൽ അല്പസമയത്തിനുള്ളിൽ ബസ്സിനുള്ളിൽ ഒരു ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയപ്പോൾ സംശയം തോന്നിയ ഒരു യാത്രക്കാരൻ എക്സൈസ് സംഘത്തെ ഫോണിൽ വിളിച്ച് അറിയിച്ചു. ഇതേ തുടർന്ന് തങ്ങൾ ബസിന് പിന്നാലെ എത്താം എന്നും പാറത്തോട്ടിൽ ബസ് നിർത്തിയിടണമെന്നും എക്സൈസ് സംഘം കണ്ടക്ടറോട് ആവശ്യപെട്ടു.

എന്നാൽ ബസിൽ ആ സമയം ഉണ്ടായിരുന്ന ഒരു ഗ്രേ‍ഡ് എസ് ഐ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് ബസ്സു കൊണ്ടുപോകുവാൻ ഡ്രൈവറോട് നിർദേശിച്ചു. അതനുസരിച്ചു ഡ്രൈവർ എക്സൈസ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞതിന് പ്രകാരം പാറത്തോട്ടിൽ നിർത്താതെ വണ്ടി കാഞ്ഞിരപ്പള്ളിയിലേക്കു കൊണ്ടുപോയി.

എക്സൈസ് സംഘം പഴയ ജീപ്പിൽ പരമാവധി വേഗതയിൽ ബസിനെ പിൻതുടർന്നെങ്കിലും ബസ്സിന്റെ അടുത്തെത്തുവാൻ കഴിഞ്ഞില്ല. ആ സമയം കൊണ്ട് ബസ് കാഞ്ഞിരപ്പള്ളിയിലെത്തുകയും, കാഞ്ഞിരപ്പള്ളി പോലീസ് എസ് ഐ എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ബസ് തടഞ്ഞ് നിറുത്തി ബസ്സിനുള്ളിൽ ഉണ്ടായിരുന്ന കഞ്ചാവ് നിറച്ച ബാഗ് കസ്റ്റഡിയിൽ എടുക്കുകയാരുന്നു. ബാഗിനുള്ളിൽ മൂന്നു കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

ഇതോടെ പ്രതിക്കായി വലവിരിച്ച് രാവിലെ മുതൽ പരിശോധന നടത്തിയ എക്സൈസ് സംഘത്തിന് വെറുംകയ്യോടെ മടങ്ങേണ്ടി വന്നു. പ്രതികളെ ചെയ്‌സ് ചെയ്തു പിടിക്കുവാൻ എക്‌സൈസ് സംഘത്തിന്റെ കൈയിൽ വളരെ പഴയ മോഡലിലുള്ള ജീപ്പ് മാത്രമാണുള്ളത്. അതിനാൽ അവർക്കു പലപ്പോഴും തങ്ങളുടെ ജോലി പൂർത്തിയാക്കുവാൻ സാധിക്കാതെ വരുന്നുണ്ട്. ഈ ഒരു സംഭവത്തോടെയങ്കിലും എക്‌സൈസ് സംഘത്തിനു പുതിയ ഒരു വാഹനം കിട്ടുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

വിശദമായ വാർത്ത വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക