കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും

കാഞ്ഞിരപ്പള്ളി : പതിനായിരത്തിലധികം പേർ ദിവസവും പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രസിദ്ധമായ കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ അഞ്ചാംദിനമായ ഇന്ന് സമാപിക്കും. അട്ടപ്പാടി സെഹിയോൻ റിട്രീറ്റ് സെന്ററിലെ ഫാ.സേവ്യർ ഖാൻ വട്ടായിൽ,ഫാ.സാംസൺ മണ്ണൂർ എന്നിവരാണ് വചനപ്രഘോഷണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

“ആത്മവിശുദ്ധീകരണത്തിലൂടെ ജീവിതസാക്ഷ്യത്തിലേക്ക്” എന്ന ലക്ഷ്യവുമായി നടത്തുന്ന രൂപത ബൈബിൾ കൺവൻഷനിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം ആണുണ്ടായത് . കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനു വിശ്വാസികളാണ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്.

ക്രൈസ്തവ സഭയെ തകർക്കാൻ വളരെ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും വിശ്വാസികൾ ഇത് തിരിച്ചറിഞ്ഞ് സഭയ്ക്ക് മുറിവേൽക്കുമ്പോൾ സ്‌നേഹത്തോടും താൽപര്യത്തോടുംകൂടി സഭയെ ശുശ്രൂഷിക്കണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷന്റെ നാലാം ദിവസം കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സഭയില്ലെങ്കിൽ വിശ്വാസമില്ല,വൈദികരും സന്യസ്തരുമില്ലെങ്കിൽ സഭയില്ല,സഭയെയും കൂദാശകളെയും സ്‌നേഹിക്കാൻ വിശ്വാസികൾ പ്രാപ്തരാകണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. എരുമേലി ഫൊറോനയിലെ വൈദികർ കുർബ്ബാനയ്ക്ക് സഹകാർമികത്വം വഹിച്ചു.തുടർന്ന് ഫാ.സാംസൺ മണ്ണൂർ വചനപ്രഘോഷണം നടത്തി.

കൺവൻഷന്റെ സമാപന ദിവസമായ ഇന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും.പൊൻകുന്നം ഫൊറോനയിലെ വൈദികർ സഹകാർമികത്വം വഹിക്കും.ആത്മവിശുദ്ധീകരണത്തിലൂടെ ജീവിതസാക്ഷ്യത്തിലേക്ക് എന്ന ലക്ഷ്യവുമായി നടത്തുന്ന രൂപതാ ബൈബിൾ കൺവൻഷനിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസേനെ എത്തുന്നത്.

അട്ടപ്പാടി സെഹിയോൻ റിട്രീറ്റ് സെന്ററിലെ ഫാ.സേവ്യർ ഖാൻ വട്ടായിൽ,ഫാ.സാംസൺ മണ്ണൂർ എന്നിവരാണ് വചനപ്രഘോഷണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.കൺവൻഷൻ ദിവസങ്ങളിൽ വൈകിട്ട് നാലിന് ജപമാലയും ആറുമുതൽ മുതൽ ‌വചനപ്രഘോഷണവും നടക്കും.