കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ അധികാര മാറ്റം;അന്നമ്മ ജോസഫ് രാജിവയ്ക്കുന്നു

കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പാര്‍ട്ടികൾ തമ്മിൽ ധാരണയായി ; അതനുസരിച്ചു കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ അധികാര മാറ്റം;അന്നമ്മ ജോസഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുന്നു; ആശാ ജോയി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും; വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി തൽസ്ഥാനത്തു തുടരും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ അധികാര മാറ്റത്തെ ചൊല്ലി യുണ്ടായ തര്‍ക്കത്തിന് വിരാമം കുറിച്ചു.രണ്ട് വര്‍ഷക്കാലം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്നമ്മ ജോസഫ് പാര്‍ട്ടി തീരുമാന പ്രകാരം പ്രസിഡന്റ സ്ഥാനത്തു നിന്നും വ്യാഴാഴ്ച രാജിവെക്കും.കോണ്‍ഗ്രസിലെ തന്നെ ആശാ ജോയി കണ്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. ചേനപ്പാടി ഡിവിഷന്‍ അംഗമാണ് ആശാ ജോയി. പിന്നീടുള്ള രണ്ടുവര്‍ഷക്കാലയളവില്‍ കേരളാ കോണ്‍ഗ്രസിലെ തന്നെ മറിയമ്മ ജോസഫും,സോഫീ ജോസഫൂം ഒരോ വര്‍ഷക്കാലം പ്രസിഡന്റാകും.

നിലവിലെ വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി ഒരു വര്‍ഷംകൂടി തല്‍സ്ഥാനത്ത് തുടരും.അവസാന രണ്ടു വര്‍ഷക്കാലം വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കാണ്. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ക്ക് മാറ്റമില്ല. റോസമ്മ ആഗസ്തി വികസനം, ലീലാമ്മ കുഞ്ഞുമോന്‍ ആരോഗ്യം-വിദ്യാഭ്യാസം, പി.എ. ഷെമീര്‍ ക്ഷേമകാര്യം എന്നി അദ്ധ്യഷ സ്ഥാനങ്ങളില്‍ തുടരാനാണ് തീരുമാനം.

ഇന്നലെ കോട്ടയത്ത് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥാനമാറ്റം സംബന്ധിച്ച് ധാരണയിലെത്തുകയായിരുന്നു. മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍, കാഞ്ഞിരപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് എന്നിവരും കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എഴു പേരും ചര്‍ച്ചയില്‍ പങ്കെടുത്ത് ധാരണയിലെത്തി. നാളെ കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാര്‍ കോട്ടയത്ത് ചേര്‍ന്ന് ധാരണാ പത്രത്തില്‍ ഒപ്പുവെക്കും.