കിഡ്നി രോഗികൾക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ മരുന്നുവിതരണം ..

കിഡ്നി രോഗികൾക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ മരുന്നുവിതരണം ..


കാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലോക്‌ ഡൗൺ പ്രഖ്യാപിച്ചത് മൂലം ദുരിതത്തിലായ നിർദ്ധന കുടുംബത്തിൽപ്പെട്ട കിഡ്നി രോഗികൾക്ക് ആശ്വാസമായി ഒരു മാസക്കാലയളവിലേക്കുള്ള മരുന്നുകൾ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്യത്തിൽ സൗജന്യമായി നൽകിയതായി പ്രസിഡന്റ് സോഫി ജോസഫ് വൈസ് പ്രസിഡന്റ് അഡ്വ.പി.ഏ.ഷെമീർ എന്നിവർ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, മണിമല എന്നീ പഞ്ചായത്തുകളിൽ താമസിച്ച് വരുന്നതും വിവിധ ആശുപത്രികളിലെ ഡോക്ടർമാർ ശുപാർശ ചെയ്തതുമായ രോഗികൾക്കാണ് മരുന്നുകൾ വിതരണം ചെയ്തത്. ഡയാലിസിസിന് വിധേയരായ രോഗികളിൽ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുക, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളും നിലവിൽ ചികിത്സ തുടരുന്ന ആശുപത്രികളിലെ ഡോക്ടറുമാരുടെ നിർദ്ദേശപ്രകാരം ഇൻജക്ഷനുള്ള മരുന്നുകളുമാണ്
പ്രധാനമായും നൽകിയത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ആളുകൾക്ക് പ്രയോജനം ലഭിക്കത്തക്കവിധം വാർഷിക പദ്ധതി ഭേദഗതി ചെയ്ത് പരമാവധി രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു. മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ.ഡാലി സക്കറിയയക്കാണ് നിർവഹണ ചുമതല. മരുന്നുകളുടെ വിതരണോത്ഘാടനം പ്രസിഡന്റ് സോഫി ജോസഫ് നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് പി.ഏ.ഷെമീർ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ലീലാമ്മ കുഞ്ഞുമോൻ, വി.ടി.അയൂബ് ഖാൻ, റോസമ്മ ആഗസ്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.രാജു, ബിനു സജീവ് , ബി.ഡി.ഒ .എൻ. രാജേഷ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.