പ്രസിഡന്റ് രാജിവയ്ക്കും; കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പ്രതിസന്ധിക്കു പരിഹാരം

കാഞ്ഞിരപ്പള്ളി ∙ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം ഇന്നു രാജിവയ്ക്കുമെന്ന് അന്നമ്മ ജോസഫ് അറിയിച്ചു. ഇതോടെ ബ്ലോക്ക് പഞ്ചായത്തിൽ ഒരു മാസമായി നിലനിന്ന ഭരണപ്രതിസന്ധിക്കു പരിഹാരമായി. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണു താൻ രാജിവയ്ക്കുന്നതെന്ന് അന്നമ്മ ജോസഫ് പറഞ്ഞു. തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു പാർട്ടി ജില്ലാ നേതൃത്വങ്ങൾ തമ്മിലുണ്ടാക്കിയ ധാരണ തെറ്റിച്ച് പ്രസിഡന്റുസ്ഥാനം അന്നമ്മ രാജിവയ്ക്കാതെ വന്നതോടെയാണു ബ്ലോക്കിൽ ഭരണ പ്രതിസന്ധി ഉടലെടുത്തത്.

ആദ്യ രണ്ടു വർഷം കോൺഗ്രസിനും അടുത്ത ഒരു വർഷം കേരള കോൺഗ്രസിനും (എം) അവസാന രണ്ടു വർഷം വീണ്ടും കോൺഗ്രസിനും എന്നിങ്ങനെയായിരുന്നു ധാരണ. ഇതനുസരിച്ച് ആദ്യം പ്രസിഡന്റായ അന്നമ്മ രണ്ടു വർഷം കഴിഞ്ഞിട്ടും പ്രസിഡന്റുസ്ഥാനം രാജിവയ്ക്കാതിരുന്നതോടെ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതയായി. കേരള കോൺഗ്രസ് (എം) മുന്നണിവിട്ട സാഹചര്യത്തിൽ, ആലോചിച്ചശേഷം മാത്രമേ രാജിക്കാര്യം തീരുമാനിക്കൂ എന്നു കോൺഗ്രസ് ജില്ലാ നേതൃത്വവും അറിയിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് – കേരള കോൺഗ്രസ് (എം) നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചയി‍ൽ പുതിയ ധാരണയുണ്ടാക്കിയതോടെയാണു പ്രശ്നങ്ങൾക്കു പരിഹാരമായത്. ഒരു വർഷത്തേക്കുകൂടി പ്രസിഡന്റുസ്ഥാനം കോൺഗ്രസിനു നൽകാനാണ് കോൺഗ്രസ് – കേരള കോൺഗ്രസ് (എം) പുതിയ ധാരണ.

അവസാന രണ്ടു വർഷം കേരള കോൺഗ്രസിന് (എം) സ്ഥാനം നൽകാനും ധാരണയായി. തുടർന്നു കോൺഗ്രസ് നേതൃത്വം അന്നമ്മയോടു രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസിനുള്ളിലെ ധാരണപ്രകാരം ആശാ ജോയി അടുത്ത പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനത്തു കേരള കോൺഗ്രസിലെ (എം) ജോളി മടുക്കക്കുഴി ഒരു വർഷത്തേക്കു തുടരും. രാജി വൈകിയപ്പോൾ തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്നമ്മ ജോസഫ് അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷം ബ്ലോക്ക് പഞ്ചായത്തിൽ വികസന മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി അന്നമ്മ ജോസഫ് അവകാശപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി തുക ചെലവഴിക്കുന്നതിൽ ജില്ലയിൽ അഞ്ചാം സ്ഥാനത്ത് എത്തി. ഇന്ദിര ആവാസ് യോജന ഭവന പദ്ധതിയിൽ അനുവദിച്ച വീടുകളിൽ നിർമാണം മുടങ്ങിക്കിടന്ന 500 വീടുകളുടെ പണികൾ പൂർത്തിയാക്കി. പിഎംഎവൈ (ജി) പദ്ധതി പ്രകാരം 2016-17 കാലയളവിൽ 36 വീടുകൾ നിർമിച്ചു നൽകാൻ കഴിഞ്ഞതു വഴി ജില്ലയിലെ ബ്ലോക്കുകളിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതായും അന്നമ്മ ജോസഫ് അറിയിച്ചു.