കോട്ടയം ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ ഓഫിസ് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

കോട്ടയം ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ ഓഫിസ് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : കുഞ്ഞുകുട്ടികളെയും കൈയിലെടുത്തുകൊണ്ടു സർക്കാർ ഓഫിസിൽ കയറിയിറങ്ങുന്നതിന്റെ ദുരിതം കൂടുതലും അനുഭവിക്കുന്നത് വീട്ടമ്മമാരാണ്. അതിനാൽ തന്നെ, ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ ഓഫിസ് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടന ചടങ്ങിന് വീട്ടമ്മാർ കൂട്ടത്തോടെയാണ് എത്തിയത്. സർക്കാർ ഓഫിസിൽ കുട്ടികളുടെ ഫീഡിംഗ് റൂം, കുട്ടികൾക്കുള്ള ടോയ്ലറ്റ്, വിനോദങ്ങൾക്കുള്ള മുറി മുതലായവ ക്രമീകരിച്ചിരിക്കുന്നത് കണ്ടപ്പപ്പോൾ സന്തോഷത്തേക്കാൾ ഉപരി അവരുടെ മനസ്സിൽ ആശ്വാസമായിരുന്നു..
ബ്ലോക്ക് പഞ്ചായത്തിൽ മാത്രമല്ല എല്ലാ സർക്കാർ ഓഫിസുകളിലും കുട്ടികൾക്കുവേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് വീട്ടമ്മാരുടെ ഏകസ്വരത്തിലുള്ള ആവശ്യം.

സര്‍ക്കാര്‍ ഓഫീസുകള്‍ ബാലസൗഹൃദമാക്കുന്നതിലൂടെ കുട്ടികളുടെ മാനസികവും,ശാരീരികവുമായ ഉന്‍മേഷത്തിന് ഉണര്‍വേകു മെന്നും,അതിലൂടെ നാളെകളുടെ പ്രതീക്ഷയായ കുട്ടികള്‍ക്ക് ഇത് വലിയ ആശ്വസമാകുമെന്നും,ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. ജില്ലയിലെ ആദ്യ ബാലസൗഹൃദവും,രണ്ടാമത്തെ ജനസൗഹൃദവുമായ ഓഫീ സിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങള്‍ക്കായി കൈക്കുഞ്ഞുങ്ങളുമായി ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും,മിനി ടോയ്ലറ്റ് സൗകര്യങ്ങളും,ഫീഡിംഗ് മുറികളും,കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാനാവ ശ്യമായ തൊട്ടില്‍,കട്ടില്‍, മിഠായികള്‍, പൂമ്പാറ്റ,കളര്‍ പെന്‍സിലുകള്‍ കൂടാതെ കുട്ടികള്‍ക്കാവശ്യമുള്ള വിനോദ-വിജ്ഞാന സംവിധാനങ്ങള്‍ എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

ജില്ലാതല മോനിട്ടറിംഗ് സമിതിയാണ് ഇതിന്റെ പരിശോധനകള്‍ നടത്തി ആദ്യ ഓഫീസായി ശുപാര്‍ശ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസം മുമ്പ് ഐ.എസ്.ഒ. സര്‍ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു.ബ്ലോക്കിലെത്തുന്ന ഒരു സാധാരണ പൗരന് അവന്റെ ആവശ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സാധിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അസി സ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) പി.എസ് ഷിനോ ജനസൗഹൃദ ബാലസൗഹൃദ ഓഫീസ് പ്രഖ്യാപനം നടത്തി.

കിലയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളും ബാലസൗഹൃദമാക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. കുട്ടികള്‍ക്കുള്ള ടോയ്ലറ്റ് സംവിധാനമാണ് ബാല സൗഹൃദമാക്കുന്നതിനുള്ള ആദ്യപടി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഓഫീസ് മന്ദിരത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക ടോയലറ്റ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ തന്നെ ഫീഡിംഗ് റൂം സൗകര്യം ഏര്‍പ്പെ ടുത്തിയിരുന്നു.

പരിപാടിയോടനുബന്ധിച്ച് എസ്.സി വനിതാ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കുള്ള മേശ ,കസേര എന്നിവയുടെ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി.

സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.റ്റി. അയൂബ്ഖാന്‍, സോഫി ജോസഫ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എന്‍. രാജേഷ്, ചീഫ് കോര്‍ഡിനേറ്റര്‍ കെ.എസ്. ബാബു, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കില ഫാക്കല്‍റ്റി അംഗം കെ.എന്‍. ഷീബ കുട്ടികള്‍ക്കായും, അമ്മമാര്‍ക്കും പ്രത്യേക ക്ലാസ്സ് നടത്തി.