കാഞ്ഞിരപ്പള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രസിഡന്റിനെതിരെയു​ള്ള അ​വി​ശ്വാ​സം ഇ​ന്ന്

കാഞ്ഞിരപ്പള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്  പ്രസിഡന്റിനെതിരെയു​ള്ള അ​വി​ശ്വാ​സം ഇ​ന്ന്


കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫിനെതിരേ എൽ.ഡി.എഫ്. അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച 11-ന് ചർച്ചചെയ്യും. നാലരവർഷത്തിനിടെ മൂന്ന് പ്രസിഡന്റുമാരാണ് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനമേറ്റത്.

കഴിഞ്ഞ 29-നാണ് അഞ്ച് എൽ.ഡി.എഫ്. അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്. നാലരവർഷത്തിനിടയിൽ ബ്ലോക്ക് പഞ്ചായത്തിൽ എടുത്ത പറയത്തക്ക വികസന പ്രവർത്തനങ്ങൾ നടത്താൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് കാണിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. യു.ഡി.എഫ്. ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ അടിക്കടിയുണ്ടാകുന്ന നേതൃമാറ്റം വികസന പ്രവർത്തനങ്ങളെ ബാധിച്ചതായി എൽ.ഡി.എഫ്. ആരോപിച്ചിരുന്നു.

നിലവിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ് (എം) ജോസ്-ജോസഫ് വിഭാഗം തർക്കം നിലനിൽക്കെയാണ് എൽ.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. മുൻധാരണ പ്രകാരം ജോസ് വിഭാഗക്കാരി സോഫി ജോസഫ് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിന് നൽകാത്തിനെതിരേ കോൺഗ്രസിലെ അംഗങ്ങളടക്കം പ്രതിഷേധിച്ചിരുന്നു. മുന്നണി ധാരണകൾ പാലിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗത്തിലെ രണ്ടംഗങ്ങൾ ഒഴികെയുള്ള യു.ഡി.എഫിന്റെ എട്ടംഗങ്ങൾ യു.ഡി.എഫ്. ജില്ലാ ചെയർമാന് കത്ത് നൽകിയിരുന്നു. രാജിവെച്ചില്ലെങ്കിൽ അവിശ്വാസമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ജോസഫ് വിഭാഗവും അറിയിച്ചിരുന്നു. എന്നാൽ എൽ.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നതോടെ ജോസഫ് വിഭാഗവും കോൺഗ്രസും വെട്ടിലാക്കിയിരിക്കുകയാണ്. അവിശ്വാസം പരാജയപ്പെട്ടാൽ ആറ് മാസത്തിന് ശേഷമേ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ സാധിക്കുകയുള്ളു. ഇത് ഈ ഭരണ സമിതിയുടെ കാലാവധി തീരുന്നതുവരെ ജോസ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ സഹായിക്കും. ഈ സമയത്ത് എൽ.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത് ജോസ് വിഭാഗത്തിനെ സഹായിക്കാനാണെന്നും ആരോപണമുയർന്നിരന്നു.

അഞ്ച് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിന് അവിശ്വാസം പ്രമേയം വിജയിപ്പിക്കാൻ കഴിയില്ല. ജോസഫ് വിഭാഗത്തിലെ ഒരംഗവും കോൺഗ്രസിലെ രണ്ട് അംഗങ്ങളും അവിശ്വാസത്തെ പിന്തുണയ്ക്കണം. എന്നാൽ, നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസ് ഇതിന് മുതിരില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന. പതിനഞ്ചംഗ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ്-ഏഴ്, കേരള കോൺഗ്രസ്-മൂന്ന്, സി.പി.എം.-നാല്, സി.പി.ഐ.-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.