ഒടുവിൽ ശാപമോക്ഷം; കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണം മാർച്ച് അഞ്ചുമുതൽ, ചെലവ് 90 ലക്ഷം രൂപ, നാലുമാസം ബസ് സ്റ്റാൻഡ് അടച്ചിടും

ഒടുവിൽ ശാപമോക്ഷം; കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണം മാർച്ച് അഞ്ചുമുതൽ, ചെലവ് 90 ലക്ഷം രൂപ, നാലുമാസം ബസ് സ്റ്റാൻഡ് അടച്ചിടും

ഒടുവിൽ ശാപമോക്ഷം; കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണം മാർച്ച് അഞ്ചുമുതൽ, ചെലവ് 90 ലക്ഷം രൂപ, നാലുമാസം ബസ് സ്റ്റാൻഡ് അടച്ചിടും

കാഞ്ഞിരപ്പള്ളി : വർഷങ്ങളായി തകർന്നു തരിപ്പണമായി കിടന്നിരുന്ന, യാത്രക്കാരുടെ നടുവൊടിച്ചുകൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു ഒടുവിൽ ശാപമോക്ഷം ലഭിക്കുവാനുള്ള വഴി തെളിയുന്നു. നവീകരണ ജോലികൾക്കായി മാർച്ച് മാസം അഞ്ചിന് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റ് അടയ്ക്കും. കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പേട്ട കവലയിലെ ഓട്ടോ ടാക്സി സ്റ്റാൻറുകൾ പുനഃക്രമീകരിക്കാനും തീരുമാനം.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ടൗൺ വികസനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തത്.

തൊണ്ണൂറ് ലക്ഷം മുടക്കിയാണ് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റ് നവീകരിക്കാൻ ഒരുങ്ങുന്നത്.നവീകരണ ജോലികൾക്കായി മാർച്ച് മാസം അഞ്ചിന് അടയ്ക്കുന്ന ബസ്റ്റാന്റ് നൂറ്റി ഇരുപത് ദിവസത്തിനുള്ളിൽ പണി പൂർത്തികരിച്ച് തുറന്ന് നൽകാനാണ് തീരുമാനം. സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്നയിടത്തെ പഞ്ചായത്തു വക കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കും. ഒപ്പം കാത്തിരുപ്പു കേന്ദ്രം അടക്കം നിർമ്മിച്ച് നിലവിലെ ബസ്റ്റാന്റിന്റെ മുഖച്ഛായ തന്നെ മാറ്റും.

സ്റ്റാന്റ് അടച്ചിടുന്ന നാലു മാസം ടൗണിൽ ഗതാഗത പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തും. ദേശീയപാത വഴി കടന്നു പോകുന്ന ബസുകൾക്ക് ഇക്കാലയളവിൽ പേട്ടക്കവലയിലും കുരിശുകവലയിലും നിർത്തി യാത്രക്കാരെ കയറ്റി ഇറക്കാൻ മാത്രമെ അനുമതി നൽകു. ഇടയ്ക്ക് നിർത്തി ആളുകളെ കയറ്റുവാനോ ഇറക്കുവാനോ അനുവദിക്കില്ല. ഈരാറ്റുപേട്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾക്ക് റാണി ഹോസ്പിറ്റലിന് സമീപം പാർക്കിംഗ് അനുവദിക്കും. മറ്റ് ബസുകൾക്ക് ആവശ്യമെങ്കിൽ എ.കെ ജെഎം സ്കൂളിന് സമീപവും പാർക്ക് ചെയ്യാം. കുന്നും ഭാഗത്ത് ടിബി റോഡിന് സമീപം എരുമേലിയിലേയ്ക്കുള്ള ദിശാ സൂചിക ബോർഡ് സ്ഥാപിക്കും.

കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പേട്ടക്കവലയിലെ ഓട്ടോ ടാക്സി സ്റ്റാന്റുകൾ പുന:ക്രമികരിക്കാനും തീരുമാനമായി. പേട്ട റോഡിൽ പാർക്ക് ചെയ്തിരുന്ന ടാക്സി വാഹനങ്ങൾ ഇതിന്റെ ഭാഗമായി ആനത്താനം റോഡിലേക്കും, ടൗൺ ഹാൾ പരിസരത്തേക്കും മാറ്റും. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ പേട്ട കവലയിൽ നിന്നും എഴുപത് മീറ്റർ ദൂരം കഴിഞ്ഞ് പേട്ട റോഡിലും ദേശീയ പാതയിൽ മൈക്ക സ്കൂൾ ജംഗ്ഷൻ മുതലും അനുവാദം നൽകും. പത്ത് മീറ്റർ ഇടവിട്ട് റെയ്ൽ സുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.

വഴിയാത്രക്കാർക്ക് കയറിയിറങ്ങാൻ റെയ്ൽ സുകൾക്കിടയിൽ അൻപത് സെന്റിമീറ്റർ അകലം ഉണ്ടാകും. ആനക്കല്ലിലെ പാലം വീതി കൂട്ടി പുനർനിർമ്മിക്കാനും തീരുമാനമായി.

യോഗത്തിൽ ഡോ.എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സി.ഐ ഷാജു ജോസ്, എസ് ഐ എ എസ് അൻസൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാനവാസ് കരീം, റിക് ചീഫ് എൻജീനിയർ പെണ്ണമ്മ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങൾ,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു