കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സർവേ ആരംഭിച്ചു, പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നും തുടക്കമായി

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സർവേ ആരംഭിച്ചു, പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നും തുടക്കമായി

കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി വർഷങ്ങളായി കാത്തിരിക്കുന്ന ബൈപാസ് യാഥാർഥ്യമാകുന്നതിന്റെ ആദ്യപടിയായി നിർമ്മണത്തിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള അതിർത്തി നിർണയം തുടങ്ങി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നാണ് സർവേ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തു ഓഫിസിന്റെ മുറ്റത്തു അതിർത്തി കല്ല് സ്ഥപിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നാരംഭിച്ച് ടൗൺ ഹാളിനു സമീപത്തുകൂടി പൂതക്കുഴി ഫാബിസ് ഓഡിറ്റോറിയത്തിനു സമീപത്ത് എത്തുന്ന നിർദിഷ്ട ബൈപാസ് നിർമിക്കുന്നതിന് 78.69 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. 1.65 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് 20 മീറ്റർ വീതിയിലാണ് നിർമിക്കുക. 1 പാലവും 5 കലുങ്കുകളുമാണ് ബൈപാസ് പദ്ധതിയിലുള്ളത്.

സ്ഥലമേറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കി ഈവർഷം തന്നെ ബൈപാസിന്റെ പണികൾ ആരംഭിക്കാൻ കഴിയുമെന്ന് എൻ. ജയരാജ് എംഎൽഎ അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനായിരിക്കും ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയെന്നും എംഎൽഎ അറിയിച്ചു.

കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ലോജിക് സർവേ എന്ന സ്ഥാപനമാണ് ജോലി നടത്തുന്നത്. കിറ്റ്കോ എൻജിനീയർ സി.ജെ. ഷെൽജോയുടെ നേതൃത്വത്തിൽ 4 ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിർദിഷ്ട പ്ലാൻ അനുസരിച്ച് സർവേ നടത്തി അതിരുകൾ നിശ്ചയിച്ച് കല്ലിട്ട് തിരിച്ച് സ്ഥലം അളന്നശേഷം കലക്ടർക്കു റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.