കാഞ്ഞിരപ്പള്ളി ടൗൺ വികസിപ്പിക്കുന്നു; പഞ്ചായത്ത് ഓഫിസ് മാറ്റി സ്ഥാപിക്കും..

കാഞ്ഞിരപ്പള്ളി ∙ ടൗൺ വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം. കാഞ്ഞിരപ്പള്ളിയുടെ വികസന സാധ്യതകൾ ആലോചിക്കാൻ എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

∙ബൈപാസ് നിർദിഷ്ട ബൈപാസിന്റെ തുടക്കം വിപുലമാക്കാൻ പഞ്ചായത്ത് വക സ്ഥലം വിട്ടുനൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനുള്ള സന്നദ്ധത പഞ്ചായത്ത് രേഖാമൂലം സർക്കാരിനെ അറിയിക്കും.

∙പഞ്ചായത്തിന് കെട്ടിടം ടാൺ ഹാൾ വളപ്പിൽ മൂന്നു നിലകളിലായി ഷോപ്പിങ് കോംപ്ലസോടുകൂടി പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ടൗൺ ഹാൾ പരിസരം അളന്നു തിട്ടപ്പെടുത്താൻ താലൂക്ക് സർവേയർക്ക് കത്തു നൽകും. പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി തുകയനുവദിക്കുമെന്ന് എംഎൽഎയും അറിയിച്ചു.

∙ബസ് സ്റ്റാൻഡ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാൻഡ് നവീകരണം 15നു ശേഷം ആരംഭിക്കും. നവീകരണം നടക്കുമ്പോൾ ബസ് സ്റ്റാൻഡ് താൽക്കാലികമായി പ്രവർത്തിപ്പിക്കാൻ പേട്ടക്കവലയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലം ആവശ്യപ്പെടും. സ്റ്റാൻഡിലേക്കു ബസ് കയറുന്ന റോഡിലെ കട ഭാഗം പൊളിച്ച് റോഡിനു വീതികൂട്ടാനും പദ്ധതി തയാറാക്കും.

∙ മോടി കൂട്ടും നഗരം മോടിപിടിപ്പിക്കാൻ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താനും പഞ്ചായത്തിനോട് എംഎൽഎ നിർദേശിച്ചു. ടൗണിൽ ചിറ്റാർ പുഴയ്ക്കു മീതെ സ്‌ലാബുകൾ സ്ഥാപിച്ച് പാർക്കിങ്ങിനും പൊതുവേദിക്കും സ്ഥലം കണ്ടെത്താനും തീരുമാനിച്ചു.

∙ഫയർ സ്റ്റേഷൻ ഫയർ‌സ്റ്റേഷനു സ്ഥലം കണ്ടെത്തിനൽകുന്ന മുറയ്ക്ക് കെട്ടിടം നിർമിക്കാൻ തുക അനുവദിക്കുമെന്നും എംഎൽഎ യോഗത്തിൽ അറിയിച്ചു.