ചായയിൽ പുഴുവിനെ കണ്ടെത്തി, തുടർന്ന് ആരോഗ്യവകുപ്പധികൃതർ മിന്നൽ പരിശോധന നടത്തി, കഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍ അടച്ചുപൂട്ടി സീൽ ചെയ്തു

ചായയിൽ പുഴുവിനെ കണ്ടെത്തി, തുടർന്ന് ആരോഗ്യവകുപ്പധികൃതർ മിന്നൽ പരിശോധന നടത്തി,  കഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍ അടച്ചുപൂട്ടി സീൽ ചെയ്തു

കാഞ്ഞിരപ്പള്ളി : ചായയിലും ചായത്തട്ടിനടിയിലും പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ ആരോഗ്യവകുപ്പ് അടച്ചു പൂട്ടി.

വിശദമായ പരിശോധനയില്‍ കാന്റിന്റെ അകവും പുറവും ഒരുപോലെ വൃത്തിഹീനമാണെന്ന് കണ്ടെത്തി.ആഹാരം പാകം ചെയ്യുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍.

വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ആശുപത്രിയിലെത്തിയാള്‍ രാവിലെ കാന്റീനില്‍ നിന്ന് വാങ്ങിയ ചായയില്‍ പുഴുപോലെയുള്ള സാധനം കിടക്കുന്നതായി കണ്ടെത്തി. സംശയം തോന്നിയ ഇയാള്‍ ഇടയരിക്കപുഴയില്‍ നിന്ന് ആശുപത്രിയില്‍ ലാപ്രോസ്‌കോപ്പിക് ക്യാമ്പിനായി എത്തിയിരുന്ന ആരോഗ്യവകുപ്പധികൃതരെ വിവരമറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സൂപ്രവൈസര്‍ മുഹമ്മദ് ഷെരീഫും സംഘവും കാന്റീനില്‍ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായാണ് കാന്റിന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. ഇവര്‍ നടത്തിയ പരിശോധനയില്‍ ചായത്തട്ടിന്റെ അടിയിലും പരിസരത്തും വെളുത്ത പുഴുക്കളെ കണ്ടെത്തി. ദിവസവും വൃത്തിയാക്കാതിരുന്നതിനാല്‍ പാല്‍മയം വീണ് പുഴുക്കളായതാണെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

പാചകപ്പുരയുടെ സമീപത്തുള്ള ഓടയില്‍ മാലിന്യം നിറഞ്ഞിരിക്കയാണ്. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ യാതൊരു സൗകര്യവും ഇവിടെയില്ല. ഭക്ഷണ സാധനങ്ങളിലും കടയ്ക്കകത്തും ഈച്ച ശല്യം രൂക്ഷമാണ്. വൃത്തിഹീനമായാണ് ‘ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. കാന്റിന്‍ നടത്തുന്നതിനുള്ള ലൈസന്‍സും എന്‍.ഒ.സിയും ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി.

ഇതോടെ കാന്റിന്‍ അടച്ചുപൂട്ടുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി ടെണ്ടര്‍ ചെയ്താണ് കാന്റിന്‍ നടത്താനുള്ള അവകാശം നല്‍കുന്നത്.ജില്ലകളക്ടറാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍.