അസൗകര്യങ്ങളാൽ വീർപ്പു മുട്ടുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; നിലവിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല

അസൗകര്യങ്ങളാൽ വീർപ്പു മുട്ടുന്ന കാഞ്ഞിരപ്പള്ളി  ജനറൽ ആശുപത്രി; നിലവിൽ  സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല

കാഞ്ഞിരപ്പള്ളി: ദിവസേന ആയിരത്തോളം ആളുകൾ ചികിൽസ തേടി എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി അസൗകര്യങ്ങളുടെ നടുവിൽ നട്ടംതിരിയുകയാണ്. നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം ഉൾപ്പെടെ പന്ത്രണ്ടോളം കെട്ടിടങ്ങളിലായാണു നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. ഇതിൽ നാലു കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ജീർണിച്ചവയാണ്. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പല കെട്ടിടങ്ങളും .

കാഞ്ഞിരപ്പള്ളി താലൂക്കിലെ പ്രധാന ആതുരാലയമാണു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. കൂടാതെ ശബരിമല സീസണിൽ അപകടത്തിൽപെടുന്നവരെ എത്തിക്കുന്നതും ഇവിടേക്കാണ്.

പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന അഞ്ചുനില കെട്ടിടത്തിന് ഇതുവരെ അനുവദിച്ചിരിക്കുന്നത് ആറുകോടി രൂപയാണ്.
ഇനി 11 കോടി രൂപകൂടി ഉണ്ടെങ്കിലേ കെട്ടിടം പൂർത്തിയാക്കാൻ കഴിയൂ. ഇതിനായി എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുകയാണ്.

ഓപ്പറേഷൻ തിയറ്റർ ആധുനികീകരിക്കുകയാണു പ്രധാന ആവശ്യം. ശസ്ത്രക്രിയ നടത്തുമ്പോൾ യഥാസമയം സ്ക്രീനിൽ കാണാൻ കഴിയുന്ന സി–ആം ഇമേജ് ഇന്റൻസിഫൈർ മെഷീൻ തകരാറിലായിട്ടു നാളുകളായി. 2006ൽ വാങ്ങിയ മെഷീനാണു പ്രവർത്തിക്കാത്തത്.

ഡോക്ടർമാരുടെ കുറവാണ് ആശുപത്രിയിലെ മറ്റൊരു പ്രശ്നം. നിലവിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല. സീനിയർ കൺസൽറ്റന്റ് കോട്ടയം എെസിഎച്ചിലേക്കു സ്ഥലംമാറി പോയതിനുശേഷം ജൂനിയർ കൺസൽറ്റന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസം മുമ്പു ജൂനിയർ കൺസൽറ്റന്റ് ഉന്നതപഠനത്തിനായി പോയതോടെ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ലാതായി. ഇതോടെ ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിൽ എത്തുന്ന രോഗികളിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നവരെ മറ്റ് ആശുപത്രികളിലേക്കു ശുപാർശ ചെയ്യുകയാണ്.

ഇഎൻടി വിഭാഗത്തിൽ സീനിയർ കൺസൽറ്റന്റ് രണ്ടു മാസമായി അവധിയിലാണ്. നേത്രവിഭാഗത്തിലെ ഒരു ഡോക്ടറും അവധിയിലാണ്. അത്യാഹിത വിഭാഗത്തിൽ നാലു ഡോക്ടർമാരാണു ജോലിചെയ്യുന്നത്. എന്നാൽ, ശബരിമല സീസൺകൂടി കണക്കിലെടുത്ത് ഇവിടെ നാല് അസിസ്റ്റന്റ് സർജൻമാരെക്കൂടി അനുവദിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സർക്കാർ കാത്ത് ലാബുകൾ അനുവദിച്ച ആശുപത്രികളിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയും ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇതിനുവേണ്ടിയും ഇനി സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്