സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയങ്ങള്‍ തിരുത്തണം : കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയങ്ങള്‍ തിരുത്തണം : കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസമേഖലയിലെ വികലമായ സര്‍ക്കാര്‍നയങ്ങളും സമീപനങ്ങളും ഉത്തരവാദിത്വബോധം നഷ്ടപ്പെട്ട ഭരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം. കെ.ഇ.ആര്‍. പരിഷ്‌കരണം ആക്ഷേപകരമാണ്. നീതിയുക്തവും നിഷ്പക്ഷവുമായ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം അറിയിച്ചു.

വിദ്യാഭ്യാസമേഖലയില്‍ സേവനംചെയ്യുന്ന സമൂഹങ്ങളെ, സര്‍വ്വാധിപത്യപരമായ നടപടികളിലൂടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന നയം ജനാധിപത്യസമൂഹത്തിന്റെ അവകാശനിഷേധമാണ്. നിയമനനിരോധവും തത്സംബന്ധമായ അനാവശ്യ നിയന്ത്രണങ്ങളും അവസാനിപ്പിക്കണം. അധ്യാപകരെയും അനധ്യാപകരെയും വിലയിരുത്താനുള്ള സമിതിയുടെ രൂപവത്കരണം മാനേജരുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തണം. അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കണം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധിക ബാച്ചുകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ തസ്തികാനിര്‍ണ്ണയം മുന്‍കാലപ്രാബല്യത്തോടെ നടത്തണം. ഹ്രസ്വകാല, ദീര്‍ഘകാല അവധി ഒഴിവുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന നിര്‍ദ്ദേശം ഉടന്‍ പിന്‍വലിക്കണം. വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന ഏത് പരിഷ്‌കരണത്തിനും മുമ്പ് വിശദവും മുന്‍വിധികളില്ലാത്തതുമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.

രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. മാത്യു പായിക്കാട്ട്, സിഞ്ചെല്ലൂസ്മാരായ ഡോ. ജോസ് പുളിക്കല്‍, ഫാ.ജെസ്റ്റിന്‍ പഴേപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സഖറിയാസ് ഇല്ലിക്കമുറിയില്‍ പ്രമേയം അവതരിപ്പിച്ചു.

1-web-pastoral-council