ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാഞ്ഞിരപ്പള്ളി : സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി : മഴക്കാലമായതോടെ കാഞ്ഞിരപ്പള്ളി ടൌൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമായി .

അശാസ്ത്രീയമായ ബസ് സ്റ്റോപ്പ് ക്രമീകരണമാണ് ടൗണിലെ ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നത്. നവീകരണത്തിനായി ബസ് സ്റ്റാൻഡ് അടച്ചതോടെ ബസ് സ്റ്റാൻഡിനു മുന്നിലെ താൽക്കാലിക ബസ് സ്റ്റോപ്പ് ക്രമീകരണമാണ് ഏറെയും ഗതാഗതക്കുരുക്കിനു വഴിയൊരുക്കുന്നത്. ഇവിടെ കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള ബസുകൾക്കുള്ള സ്റ്റോപ്പുകൾ ഒരേ സ്ഥലത്തുതന്നെയാണു ക്രമീകരിച്ചിരിക്കുന്നത്. ഇരുവശങ്ങളിലേക്കുമുള്ള ബസുകൾ ഒരേ സ്ഥലത്തു നിർത്തുന്നതോടെ മറ്റു വാഹനങ്ങൾക്ക്, പ്രത്യേകിച്ചു വലിയ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാതവരും.

ഇതോടെ ദേശീയപാതയുടെ ഇരുവശങ്ങളിലേക്കും വാഹനനിര നീളും. പേട്ട ജംക്‌ഷനിലെ ബസ് സ്റ്റോപ്പുകളുടെ സ്ഥിതിയും ഇതുതന്നെ. ബസ് സ്റ്റോപ്പുകളിൽ ബസുകൾ അധിക സമയം നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിനു കാരണമാകുന്നു. ഇതു കൂടാതെ പാതയോരങ്ങളിലെ അനധികൃത പാർക്കിങ്ങും പേട്ടക്കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രവും ട്രാഫിക് സിഗ്നൽ ലാംപുകളും അടുത്തടുത്തു സ്ഥാപിച്ചതും ടൗണിലെ ഗതാഗതക്കുരുക്കു രൂക്ഷമാക്കുകയാണ്.