കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ഗതാഗത സിഗ്നൽ സംവിധാനം പുനക്രമീകരിക്കും

കാഞ്ഞിരപ്പള്ളി  പേട്ട കവലയിലെ ഗതാഗത സിഗ്നൽ സംവിധാനം  പുനക്രമീകരിക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ഗതാഗത സിഗ്നൽ സംവിധാനം പുനക്രമീകരിക്കുവാനും അതുവരെ സിഗ്നൽ സംവിധാനം നിർത്തിവെയ്ക്കുവാനും ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു.

പേട്ട കവലയിലെ കോട്ടയം, ചങ്ങനാശേരി തുടങ്ങിയ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് കാൽടെക്സ് പമ്പിന്റെ എതിർവശത്തേക്കും എരുമേലി ഭാഗത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പ് കാൽടെക്സ് പമ്പിന്റെ സമീപത്തേക്കും കുമളി, കട്ടപ്പന, മുണ്ടക്കയം തുടങ്ങി കിഴക്കൻ ഭാഗത്തേക്കുള്ള സ്റ്റോപ്പ് അമീൻ ബേക്കറിയുടെ പടിക്കലേക്കും മാറ്റി സ്ഥാപിക്കും.

പേട്ട ജംക്‌ഷനിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനവും, ബസ് കാത്തിരിപ്പു കേന്ദ്രവും അടുത്തടുത്ത് സ്ഥാപിച്ചതോടെ ടൗണിലെ ഗതാഗത കുരുക്ക് വർധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരക്കേറി ഗതാഗതം താറുമാറായപ്പോൾ ട്രാഫിക് സിഗന്ൽ സംവിധാനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ടൗണിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി വിളിച്ചു ചേർത്തത്. ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം തീരുമാനങ്ങൾ അറിയിച്ച് അംഗീകാരം നേടിയ ശേഷം പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അറിയിച്ചു.

പുത്തനങ്ങാടി റോഡ് വൺവേയാക്കും. ,പുത്തനങ്ങാടി റോഡിലും ദേശീയ പാതയിൽ പേട്ടക്കവല മുതൽ കുരിശുങ്കൽ വരെയും ഒരു വശത്തു മാത്രം പാർക്കിങ് അനുവദിക്കും. ടൗണിൽ തിരക്കേറിയ സമയങ്ങളായ രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് മൂന്നര മുതൽ അഞ്ചുവരെയും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ കയറ്റിറക്കു നിരോധിക്കാനും തീരുമാനിച്ചു. ഈരാറ്റുപേട്ട വഴി എത്തി പൊൻകുന്നം, മണിമല ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ കോവിൽക്കടവിൽ നിന്നു ബിഷപ്സ് ഹൗസ് വഴി കുരിശുങ്കൽ ജംക്‌ഷനിലോ, കുന്നുംഭാഗത്തോ ദേശീയ പാതയിൽ പ്രവേശിക്കണം.

ദേശീയ പാതയിലൂടെ പൊൻകുന്നം ഭാഗത്തു നിന്നു, മണിമല റോഡിലൂടെയും എത്തുന്ന ചെറിയ വാഹനങ്ങൾ കുരിശുങ്കൽ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു തമ്പലക്കാട് റോഡിലൂടെ കോമൺസ് ക്ലബിന് സമീപത്തെത്തി തിരിഞ്ഞ് ആനക്കല്ലിൽ ഈരാറ്റുപേട്ട റോഡിൽ പ്രവേശിക്കണം. തീരുമാനങ്ങൾ മോട്ടോർ വാഹന വകുപ്പ്, പൊലീസ് അധികൃതർക്കു സമർപ്പിച്ച് അംഗീകാരം നേടിയ ശേഷമേ നടപ്പിലാക്കുകയുള്ളൂ എന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഷക്കീലാ നസീർ അധ്യക്ഷയായി. സജിൻ വട്ടപ്പളളി, എം എ റിബിൻഷാ, ബീനാ ജോബി, അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ ,കാഞ്ഞിരപ്പള്ളി ജെ ടി ഒ പത്മകുമാർ, ഷാനവാസ് ഖാൻ ,സി ഐ ഷാജിമോൻ, എസ് ഐ അൻസിൽ, സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി ഷമീം അഹമ്മദ്, ഓട്ടോ-ടാക്സി യൂണിയൻ പ്രതിനിധികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.