നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം മന്ത്രി.എ.കെ.ശശീന്ദ്രന്‍ നിർവഹിച്ചു.

നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം മന്ത്രി.എ.കെ.ശശീന്ദ്രന്‍ നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി : നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം മന്ത്രി.എ.കെ.ശശീന്ദ്രന്‍ നിർവഹിച്ചു. ഡോ. എന്‍. ജയരാജ് എം.എല്‍.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, കെ.ആര്‍ തങ്കപ്പന്‍, വാര്‍ഡംഗം ബീനാ ജോബി, റിജോ വാളാന്തറ, ജോബി കേളിയാംപറമ്പില്‍, വി.പി.ഇസ്മായില്‍, പി.എ.താഹ, മാത്യു ചാക്കോ വെട്ടിയാങ്കല്‍, അപ്പച്ചന്‍ വെട്ടിത്താനം, ബേബി വട്ടയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഗവ. ആയ്യുര്‍വേദ ആശുപത്രിയ്ക്ക് സൗജന്യമായി സ്ഥലം
വിട്ട് നല്‍കിയ പി.എന്‍ പ്രഭാകരന്‍, ചലചിത്ര പിന്നണി ഗായിക നിയാ പത്യാല എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എന്‍. ജയരാജ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് നാലു മാസം കൊണ്ട് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപയും നവീകരണത്തിന് ഉപയോഗിച്ചു. ബസുകള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലം കോണ്‍ക്രീറ്റ് ചെയ്തു മനോഹരമാക്കി. ബസ് കാത്തിരുപ്പു കേന്ദ്രവും, നടപാതകളും നിര്‍മ്മിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെയാണ് ബസ് സ്റ്റാന്റ് തുറന്നത്.

പ്രതികൂലമായ കാലാവസ്ഥയിലും നിശ്ചയിച്ച ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നവീകരണം പൂര്‍ത്തിയാക്കാനായി. എം. എല്‍. എയും ,പഞ്ചായത്ത് പ്രസിഡന്റും, വാര്‍ഡംഗം ബീനാ ജോബിയും പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാറും ഒരുമിച്ച് പ്രവര്‍ത്തിച്ച് സമയബന്ധിതമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് കാഞ്ഞിരപ്പള്ളിക്ക് അഭിമാന നേട്ടമാണ്.

ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുന്നതിനായി ജനപ്രതിനിധികള്‍ അധികാരവും അവസരങ്ങളൂം ശരിയായി വിനിയോഗിച്ചാല്‍ മതിയാകും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം എകോപിപ്പിച്ച് നവ കേരളം കെട്ടിപ്പെടുക്കാന്‍ പുതിയൊരു ശൈലിയിലാണ് സര്‍ക്കാര്‍ നീങ്ങികൊണ്ടിരിക്കുന്നതെന്നും മന്ത്രി.എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ബാംഗ്‌ളൂരിലേയ്ക്ക് കെ. എസ്. ആര്‍. ടി. സി. ബസ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം ഉദ്ഘാടന വേളയില്‍ അറിയിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളാണ് നാടിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളിയിലെ ജനപ്രതിനിധികള്‍ തെളിയിച്ചതായും എല്ലാവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ദിവസങ്ങള്‍ക്കുള്ളില്‍ ബസ് സ്റ്റാന്റ് നവീകരണം പൂര്‍ത്തീകരിച്ചത് മാതൃകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.