അപകടം പതിയിരിക്കുന്ന കണ്ണിമല വളവ്

അപകടം പതിയിരിക്കുന്ന കണ്ണിമല വളവ്

മുണ്ടക്കയം : പലവിധത്തിലുള്ള അപകട മുന്നറിയിപ്പുകൾ സ്ഥാപിച്ചുവെങ്കിലും, മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമല വളവിൽ അപകടങ്ങൾ ആവർത്തിക്കുന്നു. പ്രധാന ശബരിമല പാതയായ ഇവിടെ കയറ്റവും എസ് വളവും ആണ് അപകടങ്ങൾക്ക് കാരണം. ഇറക്കം ഇറങ്ങി എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതു ഏറെയും. ഒരു വർഷത്തിനിടെ ഇവിടെ സംഭവിച്ചത് 10ൽ അധികം വാഹന അപകടങ്ങൾ.

കഴിഞ്ഞ ദിവസം വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വളവിലെ കുഴിയിലേക്കു മറിഞ്ഞു. മാസങ്ങൾക്ക് മുൻപ് സമാനമായി വിവാഹ സംഘത്തിന്റെ വാഹനവും വളവിൽ മറിഞ്ഞിരുന്നു.വലിയ അപകടങ്ങളാണ് സംഭവിച്ചത് എങ്കിൽ യാത്രക്കാർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവയെല്ലാം ശക്തമായ സുരക്ഷ ഒരുക്കാനുള്ള മുന്നറിയിപ്പുകൾ മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

പുലിക്കുന്ന് ഇല്ലിക്കാട് പ്രദേശത്ത് നിന്നാണ് അപകട പാതയുടെ തുടക്കം . ആദ്യം ചെറിയ വളവിലും അപകടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇവിടെ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ശബരിമല കാലത്ത് വളവിന് മുകളിലായി അപകട മുന്നറിയിപ്പ് ലൈറ്റിനു സമീപം പൊലീസിന്റെ താൽക്കാലിക എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ എത്തുന്ന തീർഥാടക വാഹനങ്ങൾ നിർത്തി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയാണ് പൊലീസ് കടത്തി വിടുന്നത്.

ബസുകൾ ഇടിച്ചുണ്ടായ അപകടത്തിൽ വളവിലെ ക്രാഷ് ബാരിയറുകൾ പൂർണമായി തകർന്ന നിലയിലാണ്. ഇവ എത്രയും വേഗം നിർമിക്കണമെന്നും ആവശ്യം ശക്തമാകുന്നു. കയറ്റം കയറി വരുന്ന വാഹനങ്ങൾ വളവ് തിരിയാൻ കഴിയാതെ നേരെ കയറി എത്തിയും അപകടങ്ങൾ ഉണ്ടാകാറുണ്ട്. വളവിൽ വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകും.