കരിമ്പുകയം ചെക്കുഡാമിന്റെ ഷട്ടറുകൾ അടച്ചു; ഇനി ജലസമൃദ്ധി

കരിമ്പുകയം ചെക്കുഡാമിന്റെ   ഷട്ടറുകൾ അടച്ചു; ഇനി ജലസമൃദ്ധി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ് പഞ്ചയത്തുകളിലെ ജലവിതരണം ഈ വേനൽക്കാലത്തു സുഗമമാകും എന്ന് ഉറപ്പായി. 4200 കണക്‌ഷനുകൾക്ക് വെള്ളം നൽകുന്ന കരിമ്പുകയം ചെക്കുഡാമിന്റെ ഷട്ടറുകൾ അടച്ചു, ജല സംഭരണം തുടങ്ങി . അതിനാൽ രണ്ടു ദിവസങ്ങൾ കൊണ്ട് കരിമ്പുകയം ചെക്കുഡാമിന്റെ വൃഷ്ടിപ്രദേശം നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിമ്പുകയത്ത് വെള്ളം തടഞ്ഞു നിർത്തുമ്പാൾ പ്രദേശത്തെ കിണറുകളിലും ജലസമൃദ്ധിയാണ്.

പലക ഉപയോഗിച്ച് വെന്റ് വേ അടച്ചശേഷം ചാക്കിൽ മണൽ നിറച്ചിട്ടാണ് ഷട്ടർ ഉറപ്പിച്ചത് . അഞ്ചടി പൊക്കമാണ് ഷട്ടറിനുള്ളത്. അതിനാൽ ഷട്ടർ അടയ്ക്കുന്നതോടെ നിലവിലെ അളവിൽ നിന്നും അഞ്ചടി പൊക്കത്തിൽ, ഒന്നര കിലോമീറ്റർ നീളത്തിൽ ജലം സംഭരിക്കപ്പെടും. ദശലക്ഷക്കണക്കിനു ജലം സംഭരിക്കുവാനുള്ള ശേഷി കരിമ്പുകയം ചെക്കുഡാമിനുണ്ട്. ദിവസവും ഒരുലക്ഷം ലിറ്റർ വെള്ളമാണ് കരിമ്പുകയത്തിൽ നിന്നും പാമ്പു ചെയ്യപ്പെടുന്നത് .

ആറ്റിലെ വെള്ളം വറ്റാറായിട്ടും കരിമ്പുകയത്തേ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപത്ത് മണിമലയാറിന് കുറുകെ നിർമിച്ചിരിക്കുന്ന ചെക്ക്ഡാമിന്റെ ഷട്ടർ അടയ്ക്കാൻ നടപടിയാകാഞ്ഞത് വിവാദമായിരുന്നു. വാട്ടർ അതോറിറ്റിയാണോ, കാഞ്ഞിരപ്പള്ളി പഞ്ചായത്താണോ ഷട്ടറുകൾ അടക്കുവാനുള്ള നടപടി എടുക്കേണ്ടത് എന്ന പ്രശ്‌നത്തിൽ ധാരണയാകാത്തതു മൂലമായിരുന്നു ഷട്ടറുകൾ അടയ്ക്കാതിരുന്നത്. ഒടുവിൽ പഞ്ചായത്തു തന്നെ മുൻകൈ എടുത്തു ഷട്ടറുകൾ അടയ്ക്കുകയായിരുന്നു.

ഡോ. എൻ. ജയരാജ് എംഎൽഎയുടെ ഫണ്ടിൽ നിന്നു 3.87 കോടി രൂപ മുടക്കിയാണ് ചെക്ക്ഡാമും അതിനു മീതെ കോസ് വേയും നിർമിച്ചത്. 86.40 മീറ്റർ നീളത്തിൽ എട്ട് വെന്റ് വേയോടുകൂടി ഒന്നര മീറ്റർ ഉയരമുള്ള ചെക്ക്ഡാമും എട്ട് സ്പാനുകളിലായി ആറ് മീറ്റർ വീതിയുള്ള കോസ്‌വേയുമാണ് നിർമിച്ചത്.

കരിമ്പുകയം ജല വിതരണ പദ്ധതിക്കു കീഴിൽ 4200 കണക്‌ഷനുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും പൊൻകുന്നം ടൗൺ, ജനറൽ ആശുപത്രി എന്നിവ ഉൾപ്പെടുന്ന ചിറക്കടവ് പഞ്ചായത്തിലാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 700 കണക്‌ഷനുകളാണുള്ളത്. ജലവിതരണം സുഗമമായി നടക്കുന്നുണ്ടെങ്കിലും പലയിടത്തും പൈപ്പുകൾ പൊട്ടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് . നിലവാരം കുറഞ്ഞ പൈപ്പുകളാണ് പലയിടത്തും ജലവിതരണത്തിനു ഉപയോഗിച്ചതെന്ന ആക്ഷേപം പലരും ഉന്നയിക്കുന്നുണ്ട്.

LINKS