വാർഡ് മെമ്പറുടെ പിന്നിൽ കരിമ്പുകയം ഗ്രാമം ഒന്നിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആധുനിക സംവിധാനത്തിൽ ഓൺലൈൻ പഠനം സാധ്യമായി

വാർഡ് മെമ്പറുടെ പിന്നിൽ കരിമ്പുകയം ഗ്രാമം ഒന്നിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആധുനിക സംവിധാനത്തിൽ  ഓൺലൈൻ പഠനം സാധ്യമായി


കാഞ്ഞിരപ്പള്ളി : പാഠ്യ രംഗത്ത് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ ഒരു ഗ്രാമമൊന്നാകെ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയാവുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പെട്ട കരിമ്പുകയം ഗ്രാമമാണ് തങ്ങളുടെ വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കാൻ വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

വാർഡ് മെമ്പറും, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ റിജോ വാളാന്തറയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് വാർഡിലെ ജനങ്ങളുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ നാല് വർഷക്കാലത്തിലധികമായി വാർഡിലെ അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ആയിരത്തഞ്ഞൂറോളം രൂപ വിലവരുന്ന പഠനോപകരണങ്ങൾ ഇവർ നൽകിവരുന്നു.കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കാഞ്ഞിരപ്പള്ളി എകെ ജെഎം സ്കുളുമായി ചേർന്ന് ട്യൂഷനും ഏർപ്പെടുത്തിയിട്ടുണ്ട്.ഇത് കൂടാതെയാണ് തിങ്കളാഴ്ച മുതൽ ഓൺലൈൻ പഠനവും ആരംഭിച്ചിരിക്കുന്നത്.ഇതിനായി രണ്ട് ലക്ഷത്തോളം രൂപ മുടക്കി നിലവിലെ അംഗൻവാടി കെട്ടിടത്തിന് മുകളിൽ പ്രത്യേക സംവിധാനവും ഒരുക്കി.കരിമ്പുകയം റൂറൽ വെൽഫയർ ഓർഗനൈസേഷനുമായി സഹകരിച്ചാണ് ടി വി അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ നിർവ്വഹിച്ചു.വാർഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. മധുസൂദനൻ നായർ, അഖിൽപെരുന്തോട്ടക്കുഴി, രജ്ഞിനി ബിനീഷ് എന്നിവർ സംസാരിച്ചു.