കാർത്തിക്കിന് തേങ്ങലോടെ നാട് വിടചൊല്ലി

കാർത്തിക്കിന് തേങ്ങലോടെ നാട് വിടചൊല്ലി

മുണ്ടക്കയം: സുഹൃത്തുക്കക്കൊപ്പം അവധിദിവസം ആഘോഷിക്കവേ കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ‍ ഒന്നാം വർഷ എംബിഎ വിദ്യാർഥി കാർത്തിക് പ്രകാശിന് (22) തേങ്ങലോടെ നാട് വിടചൊല്ലി . സംസ്‌കാര ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ നിർമലാരാം ഈഴപ്പറമ്പിൽ ഇ.ജി. പ്രകാശിന്റെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി നഴ്സ് ചെങ്ങളം പുലിതൂക്കിൽ കുടുംബാംഗം ബിജിയുടെയും മകനാണ് കാത്തു എന്ന ഓമനപ്പേരുള്ള കാർത്തിക് പ്രകാശ്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് 26നാണു കോഴിക്കോട്ടേക്കു പോയത്. സഹോദരി ലക്ഷ്മി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ എഴുതാൻ എറണാകുളത്ത് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പഠനത്തിലാണ്.

പഠനത്തിലും പരീക്ഷകളിലും എന്നും ഒന്നാമനായിരുന്നു കാർത്തിക് . ആനക്കല്ല് സെന്റ് ആന്റണിസ് സ്കൂളിൽ പഠിക്കവേ പത്താം ക്ലാസിലും പ്ലസ് വണ്ണിനും എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് പൂർത്തിയാക്കിയ ശേഷം സിഎടി എഴുതി ദേശീയതലത്തിൽ 96.6 ശതമാനം മാർക്ക് നേടി ഐഐഎമ്മിൽ പ്രവേശനം നേടി. ഇൻഡോറിലും കോഴിക്കോട്ടും പ്രവേശനം ലഭിച്ച കാർത്തിക് കോഴിക്കോട് തിരഞ്ഞെടുത്തു. ബിസിനസ് മോഹവുമായാണ് എംബിഎ പഠനം തുടങ്ങിയത്. ഈ ബാച്ചിലെ 6 മലയാളികളിൽ ഏക കോട്ടയംകാരൻ. ആദ്യ ശ്രമത്തിൽ തന്നെ സിഎടി വിജയിച്ച കാർത്തിക് എെഎെഎമ്മിൽ തന്റെ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയായിരുന്നു.