പി.ജെ ജോസഫിനെ ചെയർമാനാക്കിയ നടപടി അംഗീകരിക്കരുതെന്ന് ഡോ. എൻ . ജയരാജ് .എം എൽ

പി.ജെ ജോസഫിനെ ചെയർമാനാക്കിയ നടപടി  അംഗീകരിക്കരുതെന്ന് ഡോ. എൻ . ജയരാജ് .എം എൽ

പി.ജെ ജോസഫിനെ ചെയർമാനാക്കിയ നടപടി അംഗീകരിക്കരുതെന്ന് ഡോ. എൻ . ജയരാജ് .എം. എൽ. എ.

രണ്ടില ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ് വരുന്നത് വരെ പി.ജെ. ജോസഫിനെ പാർലെമെന്ററി പാർട്ടി നേതാവും മോൻസ് ജോസഫിനെ പാർട്ടി വിപ്പുമായി തെരഞ്ഞടുത്ത ഏകപക്ഷീയമായ നടപടി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ എൻ. ജയരാജ് എം എൽ എ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.

പി ജെ ജോസഫ് വിളിച്ചു ചേർത്ത പാർലെമെൻററി പാർട്ടി യോഗം ചട്ടങ്ങളുടെ പൂർണമായ ലംഘനവും നിയമവിരുദ്ധവുമാണെന്ന് കത്തിൽ പറയുന്നു . ചെയർമാന്റെ താത്കാലിക ഒഴിവിൽ മാത്രമാണ് വർക്കിംഗ് ചെയർമാന് ചുമതലകൾ നിർവഹിക്കാൻ കഴിയുകയുള്ളുവെന്ന് കട്ടപ്പന സബ് കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ളത് ചെയർമാന്റെ സ്ഥിരം ഒഴിവാണ്. സ്ഥിരം ഒഴിവുള്ളപ്പോൾ വർക്കിംഗ് ചെയർമാന് ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ല. രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ തത്സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ നിയമസഭാ സ്പീക്കർക്ക് ഇക്കഴിഞ്ഞ നവംബർ ഒന്നിന് നൽകിയ കത്തിലെ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയാണ്. പ്രസ്തുത കത്തിന് വിരുദ്ധമായി പി ജെ. ജോസഫ് സ്വയം വിളിച്ചു ചേർത്ത യോഗത്തിൽ പാർലെമെന്ററി പാർട്ടി നേതാവായി അദ്ദേഹം സ്വയം അവരോധിതനായിരിക്കുകയാണ്.

കെ.എം. മാണിയുടെ വിയോഗത്താൽ കേരള കോൺഗ്രസ് എമ്മിൽ പാർലെമെന്ററി പാർട്ടി ലീഡറുടെ ഒഴിവ് നിലവിലുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാർട്ടി വിപ്പിനെ തെരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിൻ എം എൽ എയെ കേരള കോൺഗ്രസ് എം നിയമസഭാ വിപ്പായി തെരഞ്ഞടുത്തത് ചെയർമാനായിരുന്ന കെ.എം മാണിയാണ്. റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 19 ന് പി ജെ ജോസഫ് ഇറക്കിയ നേട്ടീസിലും വിപ്പിനെ തെരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ജോസ് കെ. മാണി എം പിയുമായി റോഷി അഗസ്റ്റിൻ എം എൽ എക്കുള്ള ബന്ധത്തിലുള്ള അസഹിഷ്ണുത ഒന്നു കൊണ്ടു മാത്രമാണ് റോഷി അഗസ്റ്റിനെതിരെ പി.ജെ. ജോസഫ് ശുതുതാപരമായ മനോഭാവം പിന്തുടരുന്നതെന്നും കത്തിലുണ്ട്. പി.ജെ. ജോസഫ് വിളിച്ച യോഗം 1968 ലെ തെരഞ്ഞടുപ്പ് ചിഹ്നങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ജോസഫിന്റെ തീരുമാനം നിയമസഭ അംഗീകരിക്കരുതെന്ന് എൻ. ജയരാജ് ആവശ്യപ്പെട്ടു.