ജാതിയുടെ പേരിൽ നടന്ന കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ പൊടിമറ്റം ഡി.സി.എം.എസ് യുണിറ്റ് പ്രതിഷേധിച്ചു

ജാതിയുടെ പേരിൽ നടന്ന കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ പൊടിമറ്റം ഡി.സി.എം.എസ് യുണിറ്റ്  പ്രതിഷേധിച്ചു

പൊടിമറ്റം: സെന്റ് ജോസഫ്‌സ് ഡി.സി.എം.എസ് യുണിറ്റ് വിജയപുരം രൂപതാ അംഗമായ കെവിൻ ജോസഫിനെ (26) ജാതിയുടെ പേരിൽ ഭാര്യാവീട്ടുകാർ മർദ്ദിച്ച് കൊലപെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു. കെവിൻ ദളിത് വിഭാഗത്തിൽപ്പെട്ടതാണ് ഭാര്യവീട്ടുകാരെ പ്രകോപിപ്പിച്ചത്.

ദളിതർക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഈ കൊലപാതകം. സാമ്പത്തീക പിന്നോക്കവസ്ഥയും താഴന്ന ജാതിയിൽപ്പെട്ടയാളെന്ന കാരണവുമാണ് കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തരവാദികളെ ഉടൻ നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉത്തരേന്ത്യക്കു സമാനമായി സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലും ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾ കടുത്ത അപമാനമായിരിക്കുന്നു എന്നും യോഗം വിലയിരുത്തി.

കേരളം കടുത്ത ജാതി വെറിയിലേക്ക് കടന്നിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. പരാതി സ്വീകരിക്കാൻ ഒരു ദിവസത്തോളം വൈകിയത് വഴി പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവമാണ് ഒരു യുവാവിന്റെ മരണത്തിൽ കലാശിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത ആഭ്യന്തര വകുപ്പ് അൻപേ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പൊടിമറ്റം സെന്റ് ജോസഫ്‌സ് ഡി.സി.എം.എസ് യൂണിറ്റ്് കുറ്റപ്പെടുത്തി. പോലീസുകാർക്ക് പ്രതികളുമായുള്ള ബന്ധവും അന്വേഷണവിധേയമാക്കണം. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും അവർ പറഞ്ഞു .

വിജയപുരം രൂപതയിലെ കുന്നുംഭാഗം ഇടവക അംഗമായ കെവിൻ പി ജോസഫിന്റെ കൊലപതാകത്തിലും പോലീസിന്റെ അനാസ്ഥക്കും, രാഷ്ട്രീയ മുതലെടുപ്പിനെതിരെ കെ സി വൈ എം വിജയപുരം രൂപതാ സമിതി പ്രതിഷേധ മാർച്ചും ധർണയും ഇന്ന് (29.05.2018) രാവിലെ 10 മണിക്ക് കോട്ടയം ടൗണിൽ വച്ച് സംഘടിപ്പിക്കുന്നുണ്ട്.

യൂണിറ്റ് പ്രസിഡന്റ് ബാബു ബംഗ്ലാവുപറമ്പിൽ അധ്യക്ഷത വഹിച്ചു. രൂപതാ സെക്രട്ടറി ടോമി പൂവത്തോലിൽ, സണ്ണി പാമ്പാടിയിൽ, രാജു കൊണ്ടുമല, ജോസ് കുളമറ്റം, ജോൺ കണ്ണംകുളം എന്നിവർ പ്രസംഗിച്ചു.