കെഎംഎ ഡയാലിസിസ് സെന്ററിലേക്ക് സ്വരുമ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഡയാലിസിസ് യൂണിറ്റ് സമർപ്പണവും ഉദ്ഘാടനവും

കാഞ്ഞിരപ്പള്ളി∙ കെഎംഎ ഡയാലിസിസ് സെന്ററിലേക്ക് സ്വരുമ ചാരിറ്റബിൾ സൊസൈറ്റി വാങ്ങി നൽകുന്ന ഡയാലിസിസ് യൂണിറ്റിന്റെ സമർപ്പണവും ഉദ്ഘാടനവും നാളെ നാലിനു കെഎംഎ ഹാളിൽ നടക്കും. സമ്മേളന ഉദ്ഘാടനവും ഡയാലിസിസ് മെഷീൻ സമർപ്പണവും രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. കെഎംഎ മെഡികെയർ പ്രസിഡന്റ് ഷാനു കാസിം അധ്യക്ഷതവഹിക്കും.

യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നൈനാർപള്ളി ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി അൽഖാസിമി നിർവഹിക്കും. പുരസ്‌കാര സമർപ്പണം ഗരുഡധ്വജാനന്ദ തീർഥപാദസ്വാമി നിർവഹിക്കും. നൂറോളം രോഗികൾ സൗജന്യ ഡയാലിസിസ് നടത്തുന്നതിനായി റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതായി അധികൃതർ അറിയിച്ചു. നിലവിൽ മൂന്നു ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. ആറു യൂണിറ്റുകൾ സ്ഥാപിക്കാനുള്ള സൗകര്യങ്ങളോടെയാണു സെന്റർ പ്രവർത്തിക്കുന്നത്.

മാസം നല്ലൊരു തുക ചെലവാകുന്ന ഈ കാരുണ്യ പ്രവൃത്തിക്ക് സുമനസ്സുകൾ നൽകി വരുന്ന സഹായമാണ് പിൻബലവും പ്രചോദനവുമെന്ന് കെഎംഎ ഭാരവാഹികൾ അറിയിച്ചു. ഇനിയും സുമനസ്സുകളുടെയും സ്വരുമ പോലുള്ള സംഘടനകളുടെയും സഹകരണമുണ്ടായാൽ കൂടുതൽ യൂണിറ്റുകൾ ഒരുക്കി കൂടുതൽ പേർക്ക് സൗജന്യ ഡയാലിസിസ് നടത്താനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്നും പറഞ്ഞു.

നിരാലംബരായ കൂടുതൽ രോഗികൾക്കു ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു ഡയാലിസ് യൂണിറ്റ് വാങ്ങിനൽകാൻ തീരുമാനിച്ചതെന്ന് സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റണി ഐസക്, സെക്രട്ടറി സ്‌കറിയ ഞാവള്ളിയിൽ എന്നിവർ അറിയിച്ചു. ടൗണിന്റെ 25 കിലോമീറ്റർ ചുറ്റളവിലുള്ള രോഗികൾക്കാണ് നിലവിൽ ചികിൽസ നൽകിവരുന്നത്. അഞ്ചു ഡോക്ടർമാർ ഇവിടെ സേവനം നൽകുന്നു. പ്രവർത്തന സമയം നീട്ടി കൂടുതൽ രോഗികൾക്കു സൗജന്യ സേവനം ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു കെഎംഎ പ്രവർത്തകർ പറയുന്നു.