സ്വരുമ ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഡയാലിസിസ് മെഷീൻ കെ.എം.എ ഏറ്റുവാങ്ങി

സ്വരുമ ചാരിറ്റബിൾ സൊസൈറ്റി നൽകിയ  ഡയാലിസിസ് മെഷീൻ കെ.എം.എ  ഏറ്റുവാങ്ങി

കാഞ്ഞിരപ്പള്ളി: സ്വരുമ ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞിരപ്പള്ളി കെ.എം.എ ഡയാലിസിസ് സെൻറ്ററിലേക്ക് നൽകിയ ഡയാലിസിസ് മെഷീൻ കെ.എം.എ ഏറ്റുവാങ്ങി. മെഷീന്റെ പ്രവർത്തനം നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി ഉൽഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി ചേർന്ന യോഗം കാഞ്ഞിരപ്പള്ളി രൂപതാ സഹായ മാർ ജോസ് പുളിക്കൽ ഉൽഘാടനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി ബ്രഹ്മ ശ്രീ ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമി പുരസ്ക്കാരങ്ങൾ നൽകി. കെ.എം.എ മെഡികെയർ പ്രസിഡണ്ട് അഡ്വ: ഷാനു കാസീം അധ്യക്ഷനായി. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ.ഫാദർ ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടർമഞ്ജുള രാമചന്ദ്രൻ സന്ദേശം നൽകി. ആൻറ്റണി ഐസക്ക് സ്വാഗതവും അഡ്വ: വി.എസ്.ഹഫീസ് ഖാൻ നന്ദിയും പറഞ്ഞു.

തെക്കൻ കേരളത്തിലെ ആദ്യത്തെ സൗജന്യ ഡയാലിസിസ് സെന്ററായ, കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെ.എം.എ) യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെൻറ്റർ വൃക്ക രോഗികൾക്ക് ആശ്വാസമാണ്. സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിനും അനുബന്ധ മരുന്നുകൾക്കും 2500 മുതൽ 3000 രൂപ വരെ ഓരോ തവണയും ഈടാക്കുമ്പോൾ കെ എം എ യിൽ ഡയാലിസിസ് തികച്ചും സൗജന്യമാണ്.

കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെ.എം.എ) യുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി കെ.എം.എ.ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഈ സെൻറ്ററിന്റെ പ്രവർത്തനം രണ്ടു വർഷം പിന്നിടുമ്പോൾ 25 ഓളം രോഗികൾ ഇവിടെ ഡയാലിസിസിന് എത്തുന്നുണ്ട്. മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. .

ഈരാറ്റുപേട്ട റിoസ് ആശുപത്രിയിലെ ചീഫ് നെഫ്രോളജിസ്റ്റ് ഡോക്ടർമഞ്ജുള രാമചന്ദ്രൻ ഈ സെൻറ്ററിൽ സൗജന്യ സേവനമാണ് ചെയ്യുന്നത്. ഒപ്പം അഞ്ചു ജീവനക്കാരുമുണ്ട്. ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാർജും മറ്റ് ഓഫീസ് ചെലവുകൾക്കുമായി രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുന്നുണ്ട്.

അടുത്ത അധ്യയന വർഷം തുടങ്ങുന്നതോടെ കാഞ്ഞിരപ്പള്ളി താലുക്കിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വൃക്കരോഗത്തെ കുറിച്ച് ബോധവൽക്കരണവുo പ്രാഥമിക പരിശോധനകളും നടത്തുവാനും കെ എം എ യ്ക്ക് പരിപാടിയുണ്ട് .