കൂരാലി-പനമറ്റം റോഡില്‍ അപകടകരമായ കട്ടിംഗ്

പൊൻകുന്നം / കൂരാലി: വെള്ളം ഒഴുകി റോഡരികിലെ മണ്ണ് കുത്തിയൊലിച്ച് കട്ടിംഗ് രൂപപ്പെട്ട് അപകടപാതയാകുന്നു കൂരാലി-പനമറ്റം-തമ്പലക്കാട് റോഡ്. വീതികുറവായ റോഡില്‍ അരികിലെ മണ്ണ് ഒഴുകി താഴ്ചയായതോടെ വാഹനങ്ങള്‍ അരികിലേക്കൊതുക്കാനാവില്ല. എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ അരികിലേക്കൊതുക്കിയാല്‍ വാഹനങ്ങളുടെ ഒരുവശത്തെ ചക്രങ്ങള്‍ താഴ്ചയിലായി നിയന്ത്രണം നഷ്ടപ്പെടും. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ടാറിംഗില്‍ നിന്നിറങ്ങി ഓടിയാല്‍ മറിയും.

കൂരാലി മുതല്‍ തമ്പലക്കാട് വരെ പലയിടത്തും ഈ ദുരവസ്ഥയാണ്. ഓടയില്ലാത്തതിനാല്‍ വെള്ളം നിരന്നൊഴുകി മണ്ണ് ഒലിച്ചു പോയതാണ്. മണ്ണിട്ട് നിരപ്പാക്കിയാലും ശക്തമായ മഴയില്‍ വീണ്ടും നഷ്ടപ്പെടും. കൂടുതല്‍ പ്രശ്‌നമുള്ള ഭാഗത്ത് കോണ്‍ക്രീറ്റിംഗ് നടത്തുകയോ ഇന്റര്‍ലോക്ക് കട്ട പാകുകയോ ചെയ്താല്‍ മാത്രമേ പ്രശ്‌നപരിഹാരമാകൂ. അതോടൊപ്പം കൂടുതല്‍ വെള്ളമൊഴുക്കുള്ള ഭാഗങ്ങളില്‍ ഓട നിര്‍മിക്കുകയാണ് ശാശ്വത പരിഹാരം.

സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഓടുന്ന റോഡിലെ അപകടസാധ്യത ഒഴിവാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.