കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു …വ്യാപാരികൾ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി ബസ്  സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു …വ്യാപാരികൾ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു …വ്യാപാരികൾ കടകളിൽ ചോരുന്ന വെള്ളം ശേഖരിക്കുവാൻ പത്രങ്ങൾ വയ്‌ക്കേണ്ട സ്ഥിതിയിലായി.

സ്വകാര്യ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് വക ഷോപ്പിങ് കോംപ്ലക്സിനു മുകളിൽ മേൽക്കൂര നിർമാണം പാതിവഴിയിൽ നിലച്ചതോടെയാണ് വ്യാപാരികൾ മഴക്കാലത്ത് ദുരിതത്തിലായത്. . വർഷങ്ങൾ പഴക്കമുള്ള കെട്ടിടം മഴക്കാലത്ത് ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് കഴിഞ്ഞ യുഡിഎഫ് ഭരണസമിതി മൂന്നു ലക്ഷം രൂപ മുടക്കി മേൽക്കൂര പണിയാൻ പഞ്ചായത്ത് പദ്ധതിയിട്ടത്. ബസ് സ്റ്റാൻഡിൽ പുത്തനങ്ങാടി റോഡിനോട് ചേർന്ന് എട്ടു കടമുറികളുള്ള ഒറ്റ നില കെട്ടിടത്തിന്റെ മുകളിലാണ് മേൽക്കൂര നിർമാണം ആരംഭിച്ചത്.

എന്നാൽ ഏതാനും കടമുറികളുടെ മുകൾഭാഗത്തു വരെ മേൽക്കൂര നിർമിച്ച ശേഷം കരാറുകാരൻ പണിനിർത്തി പോയി. മൂന്നു വർഷം കഴിഞ്ഞിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിൽ മേൽക്കൂരയില്ലാത്ത മുകൾ ഭാഗത്ത് മഴവെള്ളം കെട്ടിനിന്ന് കടമുറികളിലേക്ക് ചോർന്നിറങ്ങുകയാണ്. മേൽക്കൂര പൂർത്തിയാക്കാത്തതിനാൽ മഴ പെയ്യുമ്പോൾ, മേൽക്കൂര നിർമിച്ച ഭാഗത്തേക്കും വെള്ളം കയറും. ഭിത്തികളും നനഞ്ഞ് ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

കടയ്ക്കുള്ളിലെ സാധനങ്ങൾ നനയാതിരിക്കാൻ പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടിവയ്ക്കുകയാണു ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി ടൗണിലെ പഞ്ചായത്ത് വക മറ്റു ഷോപ്പിങ് കോംപ്ലക്സുകളും വർഷങ്ങൾ പഴക്കമേറിയതാണ്. കെട്ടിടങ്ങൾക്ക് യഥാസമയം അറ്റകുറ്റ പണികൾ നടത്താറില്ലാത്തതും കെട്ടിടങ്ങൾ നശിക്കാൻ കാരണമാകുന്നു.

കുരിശുങ്കൽ ജംക്‌ഷനിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ മുകളിലത്തെ നിലകളിലും മറ്റും ആൽമര തൈകൾ വരെ വളർന്നു തുടങ്ങി. ഇതുമൂലം കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ട് അപകടാവസ്ഥയിലാണ്.