പി. പി. റോഡിലെ ചെയിന്‍ സര്‍വീസ് നിർത്തലാക്കി ; ലാഭകരമല്ലെത്രേ..

പി. പി. റോഡിലെ ചെയിന്‍ സര്‍വീസ് നിർത്തലാക്കി ; ലാഭകരമല്ലെത്രേ..

പൊന്‍കുന്നം: പാലാ, പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളിലെ അഭിമാനമായിരുന്ന പി. പി. റോഡിലെ ചെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു. കാല്‍നൂറ്റാണ്ടായി ഇരു ഡിപ്പോകളില്‍ നിന്നുമായി നാലു വീതം ബസുകളാണ് അരമണിക്കൂര്‍ ഇടവിട്ട് ചെയിന്‍ സര്‍വീസായി ഓടിയിരുന്നത്.

ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ ഇന്നു മുതല്‍ ചെയിന്‍ സര്‍വീസ് നിര്‍ത്തലാക്കുന്നത്. ഇതു സംബന്ധിച്ചു ഉത്തരവ് ഇരുഡിപ്പോകളിലും ഇന്നലെ ഫോണ്‍ മുഖാന്തരം അറിയിക്കുകയായിരുന്നു.

സ്വകാര്യബസ് കമ്പനിയുടെ കുത്തകയായിരുന്ന പാലാ -പൊന്‍കുന്നം റോഡില്‍ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ഏര്‍പ്പെടുത്തിയതാണ് ചെയിന്‍ സര്‍വീസ്. ആദ്യകാലങ്ങളില്‍ പതിനായിരം രൂപ വരെ പ്രതിദിനം ഓരോ സര്‍വീസിനും കളക്ഷനുണ്ടായിരുന്നു. പിന്നീട് പലപ്പോഴും ചെയിന്‍ സര്‍വീസുകള്‍ മുടക്കിയും ഉള്ളവ വെട്ടിക്കുറ?ുമൊക്കെയായി വരുമാനത്തില്‍ കുറവു വരുത്തി. സ്വകാര്യബസ് പെര്‍മിറ്റ് അനുവദിക്കുന്നതിനായി ആര്‍. ടി. ഒ നടത്തുന്ന ഹിയറിങില്‍ ഡിപ്പോകളുടെ പ്രതിനിധികള്‍ തടസമുന്നയിക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി.ബസുകളുമായി മിനിട്ടുകളുടെ വ്യത്യാസത്തില്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി.

അടുത്ത കാലത്ത് ഡബിള്‍ ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടിയായി വെട്ടിക്കുറചു ഏറെ കളക്ഷനുള്ള രാവിലെയും വൈകുന്നേരവും ബസുകള്‍ ഇല്ലാതാക്കിയിരുന്നു. . ഇതെല്ലാം ചെയിന്‍ സര്‍വീസിനെ നഷ്ടത്തിലേക്കു കൂപ്പുകുത്തിച്ചു. പതിനായിരത്തില്‍ നിന്ന് നാലായിരമായി ബസുകളുടെ പ്രതിദിന വരുമാനമിടിഞ്ഞു. ഇതിനെ മറികടക്കാന്‍ ഇരു ഡിപ്പോകളും രണ്ടു നിര്‍ദ്ദേശങ്ങള്‍ കോര്‍പ്പറേഷനു സമര്‍പ്പിചിരുന്നു. ചെയിന്‍ സര്‍വീസുകള്‍ മുണ്ടക്കയത്തിനും എരുമേലിക്കും നീട്ടുകയെന്നതായിരുന്നു നിര്‍ദ്ദേശം. ഇതിനിടെയാണ് പൊടുന്നനെ ചെയിന്‍ സര്‍വീസ് നിര്‍ത്തലാക്കല്‍ ഉത്തരവ്. ഇത് സ്വകാര്യബസുകള്‍ക്ക് സഹായകവും നാട്ടുകാര്‍ക്ക് യാത്രാക്ലേശവുമാണ് സമ്മാനിക്കുക.