ഡ്രൈവര്‍ക്കു മര്‍ദനം, കെഎസ്ആര്‍ടിസി എരുമേലിയില്‍ മിന്നല്‍ സമരം

എരുമേലി∙ പാർക്കിങ് മൈതാനത്തിലെ ജീവനക്കാർ കെഎസ്ആർടിസി ഡ്രൈവറെ ബസിൽ നിന്നു വലിച്ചിറക്കി മർദിച്ചതിനെ തുടർന്ന് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിലച്ചു. വിവരം അറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ജീവനക്കാർ സമരം പിൻവലിച്ചു. ആക്രമണം നടത്തിയ വാഴക്കാലാ പാലമുറി ജാഫർഖാൻ, കരിങ്കല്ലുമ്മുഴി പതിനേഴകം ഷാജഹാൻ, കോട്ടാങ്ങൽ മുണ്ടൂർശേരി ഷെമീർ എന്നിവരെ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, സിഐ ടി.ഡി.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

പരുക്കേറ്റ കെഎസ്ആർടിസി ജീവനക്കാരായ അജീഷ്കുമാർ, അറുമുഖൻ, സണ്ണി എന്നിവർ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. ആക്രമണത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ഡിപ്പോയിൽ കുത്തിയിരിപ്പു സമരവും നടത്തി. ഇന്നലെ വെളുപ്പിന് അഞ്ചിന് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമാണ് സംഭവം. ഡിപ്പോയ്ക്ക് സമീപമുള്ള മൈതാനത്താണ് സീസണിൽ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പാർക്ക് ചെയ്യുന്നത്.

ഇതിനോട് ചേർന്നാണ് സീസണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് മൈതാനവും. ഗുരുവായൂർ കെഎസ്ആർടിസി ബസ് പുറപ്പെടാൻ ഒരുങ്ങിയപ്പോൾ സ്വകാര്യ പാർക്കിങ് മൈതാനത്ത് തടസ്സമുണ്ടായി. ഇതു സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതോടെ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ യൂണിയനുകൾ ട്രിപ്പ് മുടക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ സമരം പിൻവലിച്ച് ജീവനക്കാർ ഡ്യൂട്ടിക്കിറങ്ങുകയും ചെയ്തു. അന്വേഷണത്തിൽ എസ്ഐ മനോജ് മാത്യു, വർഗീസ് കുരുവിള, എം.ആർ.രാജു, സുനിൽ എന്നിവർ പങ്കാളികളായി.