മിസോറാം ഗവർണർ എരുമേലിയിൽ എത്തി..പഴയ കുമ്മനം ചേട്ടനായി വീണ്ടും ..

മിസോറാം ഗവർണർ എരുമേലിയിൽ എത്തി..പഴയ കുമ്മനം ചേട്ടനായി വീണ്ടും ..

എരുമേലി : മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എരുമേലിയിൽ എത്തിയതറിഞ്ഞു വൻ പുരുഷാരമാണ് അദ്ദേഹത്തെ കാണുവാൻ എത്തിയത്. ഗവർണർ പദവിയിൽ വിരാചിക്കുന്ന അദ്ദേഹം തങ്ങളെ കണ്ടാൽ പരിചയം ഭാവിക്കുമോ എന്ന സംശയത്തിലാണ് പല പഴയ പരിചയക്കാരും അദ്ദേഹത്തിന്റെ അടുത്ത് മടിച്ചുമടിച്ചു എത്തിയത് . എന്നാൽ പഴയ സ്നേഹത്തോടും വാത്സല്യത്തോടും കൂടെ അദ്ദേഹം പലരെയും പേരുചൊല്ലി വിളിച്ചു തോളിൽ കൈയിട്ടു സംസാരിച്ചപ്പോഴാണ് പദവികളോ , അധികാരമോ തങ്ങളുടെ പ്രിയപ്പെട്ട കുമ്മനം ചേട്ടന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നവർ അത്ഭുതത്തോടെ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ കൂടെ എത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആളുകളെ മാറ്റി നിർത്തുവാൻ ശ്രമിച്ചപ്പോൾ അവരെ വിലക്കിയ കുമ്മനം, തന്റെ പ്രിയപ്പെട്ട പ്രവർത്തകർക്കൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുവാനും മടിച്ചില്ല .

എന്നാൽ വിവാദ വിഷയങ്ങളിൽ അഭിപ്രായം പറയിപ്പിക്കുവാൻ മാധ്യമപ്രവർത്തകർ കിണഞ്ഞുപരിശ്രമിച്ചപ്പോഴും അദ്ദേഹം ഗവർണർ പദവിയുടെ അന്തസ്സ് പാലിച്ചു യാതൊരു വിവാദങ്ങൾക്കും വഴിതെളിക്കാതെ വളരെ കൃത്യമായ മറുപടികൾ ആണ് നൽകിയത്. എരുമേലിയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ശനിയാഴ്ച രാവിലെയോടെ മടങ്ങി.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരി, ബിജെപി എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് റോഡിൽ പഞ്ച തീർത്ഥ പരാശക്തി ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹം ദർശനം നടത്തി. ക്ഷേത്രം ഭാരവാഹികളും ഭക്തരും ചേർന്ന് ക്ഷേത്രം ട്രസ്റ്റി ജയചന്ദ്രരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്തു. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് അടുത്തയിടെ ഹൈകോടതിയിൽ നടന്ന കേസിൽ കുമ്മനം രാജശേഖരൻ കക്ഷി ചേരുകയും പിന്നീട് കേസ് വിധിയാവുകയും ചെയ്തിരുന്നു. എസ്റ്റേറ്റിൽ വിമാനത്താവളത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സംസ്ഥാന സർക്കാരിന്റെ നടപടികൾ പുരോഗമിക്കുകയുമാണ്.

കോടതിയിലെ കേസിൽ കക്ഷി ചേർന്നിരുന്ന അഡ്വ.കൃഷ്ണരാജ്, ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കൂടിയായ വി സി അജികുമാർ എന്നിവരും പാർട്ടി നേതാക്കളും പ്രവർത്തകരും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹത്തോട് പങ്കുവെച്ചെങ്കിലും ഈ വിഷയങ്ങളിൽ ഒന്നും തന്നെ അദ്ദേഹം അഭിപ്രായങ്ങൾ പറഞ്ഞില്ല. എരുമേലി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ രാത്രി തങ്ങിയ അദ്ദേഹം രാവിലെ ധർമ ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങി.

ക്ഷേത്രദർശനത്തിനും സ്വകാര്യ സന്ദർശനത്തിനുമായാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ഉൾപ്പടെ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നും തന്നെ അദ്ദേഹം അഭിപ്രായങ്ങൾ പറഞ്ഞില്ല. പാർട്ടി നേതാക്കളും പ്രവർത്തകരുമുൾപ്പടെ നിരവധി പേർ അദ്ദേഹത്തെ കാണാനെത്തി. എല്ലാവരുമായി വിശേഷങ്ങൾ പങ്കിട്ട് കുശലം പറഞ്ഞ അദ്ദേഹം പഴയ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്താനും സമയം കണ്ടെത്തി. മരണപ്പെട്ട എരുമേലി തെക്കേപെരുംചേരിൽ ടി കെ കൃഷ്ണൻകുട്ടിയുടെ വീട്ടിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ടി കെ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമലാക്ഷിയമ്മ, മകൾ സേതുലക്ഷ്മി എന്നിവരുമായി കൃഷ്ണൻകുട്ടിയുമായുള്ള പഴയകാല ഓർമ്മകൾ അദ്ദേഹം അനുസ്മരിച്ചു.

എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ക്ഷേത്രം മേൽശാന്തിയും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു. അനിയൻ എരുമേലി, മനോജ്‌ എസ് നായർ, ലൂയിസ് ഡേവിഡ് എന്നിവരുൾപ്പെടെ നേതാക്കളും പ്രവർത്തകരുമായി ഏറെ സമയം ചെലവിട്ട അദ്ദേഹം ഗവർണർ പദവിയുടെ പകിട്ടുകളൊന്നുമില്ലാതെ പ്രവർത്തകരുടെ പ്രിയപ്പെട്ട കുമ്മനം ചേട്ടനായാണ് മടങ്ങിയത്.