വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയിൽ സമ്മിശ്ര പ്രതികരണങ്ങൾ

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയിൽ സമ്മിശ്ര പ്രതികരണങ്ങൾ

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധി നടത്തിയതിൽ പൊതുജനങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങൾ . ചിലർ കോടതിവിധിയിൽ ആശ്വാസം കൊണ്ടപ്പോൾ മറ്റു ചിലർ ഈ വിധി സമൂഹത്തില്‍ കൂടുതല്‍ അരാജകത്വം വളര്‍ത്തുമെന്നു പറയുന്നു.

IPC സെക്ഷൻ 497 പ്രകാരം നിലവിൽ വ്യഭിചാരത്തിന് പിടിക്കപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവനും പുരുഷന്റെ മേൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അത് മാറി, സ്ത്രീയും അതോടൊപ്പം ഉത്തരവാദിയാണെന്നും കോടതി പറയുന്നു. അതോടെ പുരുഷൻമാരെ ചതിവിൽ പെടുത്തി അകത്താക്കുന്ന പെൺവാണിഭസംഘങ്ങൾക്കു മൂക്കുകയറിടുവാൻ സാധിക്കും.

സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും കോടതി പറയുന്നു. ഐപിസി 497 റദാക്കിയതോടെ സ്ത്രീകളുടെ സ്വാതന്ത്രത്തിന് പുതിയ മാനങ്ങള്‍ തുറന്നു നല്കുന്നുവെന്ന് പുരോഗമനവാദികള്‍ വ്യാഖ്യാനിക്കുമ്പോഴും അനാശാസ്യങ്ങൾ പെരുകുവാൻ ഇടയുണ്ടെന്നും അഭിപ്രായമുണ്ട് . അനാശാസ്യത്തിന് പോലീസിന് ഇനി കേസെടുക്കാനാകാത്ത നിലയിലാണ് കാര്യങ്ങൾ. പുതിയ വിധി സന്തോഷപ്പെടുത്തുക പെണ്‍വാണിഭ സംഘങ്ങളെയാകും. സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് സ്ത്രീ പറഞ്ഞാല്‍ പോലീസ് കേസ് പോലും നിലനില്ക്കില്ലെന്ന അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതും നിലവില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുമായ കേസുകളെയും വിധി ഗുരുതരമായി ബാധിക്കും.

വിവാഹമോചനം ആവശ്യപ്പെടുമ്പോൾ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം. അതുപോലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു വിധി പറയുന്നത്.

സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന എെപിസി സെക്ഷൻ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി. സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആർ‍.എഫ്. നരിമാനും വിലയിരുത്തി.

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയാണു സുപ്രീംകോടതി. നിലവിൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമാണ്.

സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകൻ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തുന്നതിനെ കോടതി വാദത്തിനിടെ ചോദ്യം ചെയ്തു. രണ്ടു വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുളള കുറ്റകൃത്യമാകുന്നതെന്നും ആരാഞ്ഞു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.