ശക്തമായ ഇടിമിന്നലില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ശക്തമായ ഇടിമിന്നലില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കാഞ്ഞിരപ്പള്ളി : ശക്തമായ ഇടിമിന്നലില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാറക്കടവ് ചെരിപുറത്ത് അബ്ദുള്‍ റസാഖിന്റെ വീടാണ് ഇടിമിന്നലില്‍ തകര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് ആറു മണിയോടെയാണ് ഇടിമിന്നലുണ്ടായത്.

റസാഖിന്റെ മകന്‍ റസല്‍ കിടന്നിരുന്ന മുറിയിലാണ് ഇടിമിന്നലേറ്റത്. ഈ സമയം ഇയാള്‍ ഹാളില്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പോയിരുന്നു. നിമിഷങ്ങള്‍ക്ക് മുന്‍പ് മുറിയില്‍ നിന്നും മാറിയതിനാല്‍ റസല്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ റസാഖ് ടൗണില്‍ ഓട്ടോയുമായി പോയിരുന്നു. ഭാര്യയും മകളും ബന്ധുവീട്ടിലായിരുന്നു. വീടിന്റെ മുറിക്കുള്ളിലും അടുക്കളയിലും മിന്നലേറ്റ് കോണ്‍ക്രീറ്റിന്റെ ഭാഗങ്ങള്‍ അടര്‍ന്നു വീണു. വയറിങ് പൂര്‍ണമായും കത്തി നശിച്ചു.

ഒരാഴ്ച്ചയ്ക്ക് മുന്‍പ് വാങ്ങിയ വിലകൂടിയ സ്മാര്‍ട് ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചു. ഗൃഹോപകരണങ്ങളും കത്തിനശിച്ചു. സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെയുള്ള കൂറ്റന്‍ പാറയില്‍ ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് കല്ല് അടര്‍ന്ന് സമീപത്തുള്ള വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ച് ഷീറ്റു തകര്‍ന്നു.