സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; കാഞ്ഞിരപ്പള്ളിയിൽ ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്തു..

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; കാഞ്ഞിരപ്പള്ളിയിൽ ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്തു..


കാഞ്ഞിരപ്പള്ളളി: കോവിഡ് 19 ലോക്ക്ഡൗൺ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ബലിയാട് കൂടി. ലോട്ടറി വില്‍പന നടക്കാത്തതിനാല്‍, ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക ഭാരം താങ്ങാനാവാതെ മനംനൊന്ത് ലോട്ടറി വില്‍പനക്കാരന്‍ ജീവനൊടുക്കി. കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാന്റിന് സമീപം ഇരുന്ന് ലോട്ടറി വിറ്റിരുന്ന അഞ്ചിലിപ്പ വേലശ്ശേരി മുഹമ്മദ് ഷാജി(48)യെയാണ് കഴിഞ്ഞ രാത്രിയില്‍ അഞ്ചിലിപ്പയിലെ വീടിന് സമീപമുള്ള കുടുംബ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ അത്യാവശ്യ പഠന ചിലവുകൾ പോലും നടത്തുവാൻ പറ്റാത്തത് ഷാജിയെ വളരെ വിഷമിപ്പിച്ചിരുന്നു..

മാര്‍ച്ച് മാസം മുതല്‍ ലോട്ടറിയുടെ വില്‍പന വില മുപ്പത് രൂപയില്‍ നിന്നും നാല്‍പത് രൂപയാക്കിയതിനെ തുടര്‍ന്ന് ടിക്കറ്റ് വില്‍പന കുത്തനെ ഇടിഞ്ഞ് തീര്‍ത്തും ഇല്ലെന്നായ അവസ്ഥയിലായി. ഭാര്യ സമീറയെയും രണ്ട് കുട്ടികളേയും പോറ്റാന്‍ നിവര്‍ത്തിയില്ലാത്തതില്‍ മനം നെന്താണ് ഷാജി ജീവിതം അവസാനിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാന്റിന് സമീപം ഇരുന്ന് ലോട്ടറി വിറ്റിരുന്ന ഷാജി വില്‍പന തെല്ലുമില്ലാത്തതിനാല്‍ നടന്ന് വില്‍പനയും തുടങ്ങി. ദിവസം ഒന്നോ രണ്ടാ ലോട്ടറി വിറ്റാല്‍ അതില്‍ നിന്ന് ഒരു ടിക്കറ്റിന് കിട്ടുന്ന ആറ് രൂപ കമ്മീഷന്‍ കൊണ്ട് വേണം വീട്ട് ചെലവ് നടത്താന്‍. സാധാരണ ദിവസങ്ങളില്‍ ആറ് ടിക്കറ്റില്‍ കൂടതലൊന്നും വില്‍പന നടക്കാറില്ലായെന്ന് ഭാര്യ സമീറ പറഞ്ഞൂ. ഇതില്‍ നിന്ന് കിട്ടുന്ന 36 രൂപ കൊണ്ട് ഭാര്യയുടെയും മക്കളുടെയും ദാഹവും വിശപ്പുമകറ്റാനും, മറ്റ് വീട്ട് ചെലവുകളും താങ്ങാന്‍ കഴിയാത്തതാണ് മരണ കാരണം.

കൂടാതെ ഷാജിയെയും, ഭാര്യ സമീറയെയും അപസ്മാര രോഗവും അലട്ടിയിരുന്നു. ഇതിന് ചികില്‍സിക്കാനും പണമില്ലാതെ ദാരിദ്രത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍് ജിവിതം വഴിമുട്ടിയത്.ജോലിയൊന്നുമില്ലാത്ത ഭാര്യയും, പത്ത് വയസ്സുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഹസ്‌നാമോളും, രണ്ടര വയസ്സുള്ള അയാന്‍മോനും ഇനി എങ്ങനെ ജീവിക്കുമെന്നറിയാതെ വിഷമത്തിലുമാണ്. ഇവരെ സഹായിക്കുവാൻ സുമനസ്സുള്ളവരുടെ കാരുണ്യം അത്യാവശ്യമാണ്.

കൊറോണ വ്യാപനത്തോടെ ടിക്കറ്റ് വില നാല്‍പത് രൂപയാക്കി ഉയര്‍ത്തിയതും, സമ്മാനങ്ങളൊന്നും അടിക്കാത്തതുംമൂലം ലോട്ടി കച്ചവടം പ്രതിസന്ധിയിലായി. ടിക്കറ്റ് വില ഇരുപത് രൂപയാക്കി കുറക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ പാവപ്പെട്ട ലോട്ടറി വില്‍പനക്കാരുടെ രോദനത്തിനു മുന്‍പില്‍ കണ്ണടക്കുകയാണ്. ലോട്ടറി വില്‍പനക്കാരുടെ കാര്യത്തില്‍ സര്‍ക്കാരും, അധികൃതരും അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ഇനിയും ഈ തൊഴിലേര്‍പ്പെട്ടിക്കുന്നവര്‍ പട്ടിണിയുടെ വറചട്ടിയിലാകും.