മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപേതന്നെ കണമല അട്ടിവളവിൽ അപകടം ; ക്രാഷ് ബാരിയർ തകർത്തു ലോറി താഴ്ചയിലേക്ക് മറിഞ്ഞു

മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപേതന്നെ  കണമല അട്ടിവളവിൽ അപകടം ;  ക്രാഷ് ബാരിയർ തകർത്തു ലോറി താഴ്ചയിലേക്ക് മറിഞ്ഞു

എരുമേലി : എല്ലാ മണ്ഡലകാലത്തും ആളുകൾ ആകാംക്ഷാപൂർവം അന്വേഷിക്കുന്നത് ഇത്തവണ കണമല അട്ടിവളവിൽ എത്ര അപകടം നടന്നുവെന്നാണ്. വിവിധ മണ്ഡലകാലങ്ങളിൽ ഇതിനോടകം ഇരുപതിലേറെ അപകടങ്ങൾ നടന്ന അട്ടിവളവിൽ ഇത്തവണ മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപേതന്നെ അപകടം തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ശബരിമലയിലേക്ക് 40 ടൺ ശർക്കര കയറ്റി പോയ ടോറസ് ലോറി ക്രാഷ് ബാരിയറും വൈദ്യുതി പോസ്റ്റും തകർത്ത് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു . നാല് പേർക്ക് പരിക്ക്…ഒരാളുടെ നില ഗുരുതരം..ഡ്രൈവർക്കു സ്ഥലത്തെകുറിച്ചുള്ള പരിചയക്കുറവ് കാരണം തെറ്റായ ഗിയറിൽ ഇറക്കം ഇറങ്ങിയതാണ് അപകടകാരണം എന്നാണ് അനുമാനിക്കുന്നത്.

രാജസ്ഥാൻ സ്വദേശികളായ ഡ്രൈവർ ബെൻസി കാലി (46), സതീഷ് (30), സന്ദീപ് (26), സുനിൽ (23) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് .

ഇന്ന് ഉച്ചക്ക് 1. 30 ഓടെയാണ് സംഭവം. ഇറക്കത്തിൽ അമിത വേഗത മൂലം വളവിൽ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. നാട്ടുകാരും കണമലയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാരുമാണ് പരിക്കേറ്റ നാല് പേരെയും ലോറിയിൽ നിന്നും പുറത്തെടുത്തത്. പോലീസ് വാനിൽ ഇവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിചു

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ് അപകടത്തിൽ പെട്ട ലോറി. കണമല ഇറക്കത്തിൽ വേഗത കുറക്കാതെ സഞ്ചരിച്ചതാണ് നിയന്ത്രണം നഷ്‌ടപ്പെടാനും വളവ് തിരിയാനാകാതെ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയാനും കാരണമായതെന്ന് പോലീസ് പറഞ്ഞു. ബ്രേക്ക്‌ ശക്തമായി പ്രയോഗിച്ചതിന്റെ പാടുകൾ റോഡിലുണ്ട്. അട്ടിവളവിൽ വെച്ച് ക്രാഷ് ബാരിയർ തകർത്ത ലോറി ഇലക്ട്രിക് പോസ്റ്റും വൈദ്യുതി ലൈനുകളും തകർത്ത് 25 അടി താഴ്ചയിലേക്ക് നിരങ്ങി മറിയുകയായിരുന്നു. റബ്ബർ മരങ്ങളിൽ ഇടിച്ചാണ് നിന്നത്. ചാക്കുകളിൽ ശർക്കരപ്പൊടി നിറച്ച 40 ടൺ ലോഡ് ആണ് ലോറിയിൽ ഉണ്ടായിരുന്നത്. അപകട സ്ഥലം റോഡ് സേഫ് സോൺ സ്പെഷ്യൽ ഓഫീസർ പി ഡി സുനിൽ ബാബു സന്ദർശിച്ചു. ലോറിക്ക് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ ഇതര സംസ്ഥാനക്കാരാണ്.

കണമല ഇറക്കത്തിൽ വാഹന വേഗത നിയന്ത്രിക്കുന്നതിന് റോഡിലെ കൊടും വളവുകൾക്ക് മുമ്പ് ഹമ്പുകൾ സ്ഥാപിച്ചിരുന്നത് കഴിഞ്ഞയിടെ ദേശീയ പാതാ ടാറിങ്ങിൽ മൂടിപ്പോയതിനാൽ ഇപ്പോൾ വേഗത നിയന്ത്രണം നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഭാരം കയറ്റിയ വാഹനങ്ങൾ താഴ്ന്ന ഗിയറിൽ ഇറക്കമിറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തും
കണമല സ്വദേശി കയ്യൂന്നുപാറ ഷാജിയുടെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്.