യാത്രക്കിടയിൽ നഷ്ടപ്പെട്ട രണ്ടര ലക്ഷം രൂപാ വൃദ്ധദമ്പതികൾക്ക് തിരിച്ചു കിട്ടി, പോലീസിനും ബസ് ജീവനക്കാർക്കും നന്ദി..

യാത്രക്കിടയിൽ നഷ്ടപ്പെട്ട  രണ്ടര ലക്ഷം രൂപാ  വൃദ്ധദമ്പതികൾക്ക് തിരിച്ചു കിട്ടി, പോലീസിനും ബസ് ജീവനക്കാർക്കും നന്ദി..

പൊൻകുന്നം: യാത്രക്കിടയിൽ നഷ്ടപ്പെട്ട, സ്ഥലം വിറ്റുകിട്ടിയ രണ്ടര ലക്ഷം രൂപാ പൊൻകുന്നം പോലീസിന്റെയും ഹോംഗാർഡിന്റെയും സമയോചിതമായ ഇടപെടൽ മൂലം നഷ്ടപ്പെടാതെ വൃദ്ധദമ്പതികൾക്ക് തിരിച്ചുകിട്ടി.

ഇളംപള്ളിയിൽ നിന്നും പൊൻകുന്നത്തേക്ക് ഭർത്താവിനൊപ്പം ബസ് യാത്ര ചെയ്ത ഇളംപള്ളി പഴയ പറമ്പിൽ ആന്റണിയുടെ ഭാര്യ റോസമ്മ (75) യുടെ കൈയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രുപയാണ് യാത്രക്കിടയിൽ ബസിൽ നഷ്ടപ്പെട്ടതും പിന്നിട് തിരിച്ചു കിട്ടയതും. പൊൻകുന്നത്ത് ബാങ്കിൽ അടക്കാനായി കൊണ്ടുവന്നതായിരുന്നു സ്ഥലം വിറ്റുകിട്ടിയ രണ്ടര ലക്ഷം രൂപാ.

കോട്ടയം പള്ളിക്കത്തോട്, പൊൻകുന്നം വഴി തമ്പലക്കാടിന് സർവീസു നടത്തുന്ന ലാൽ ബ്രദേഴ്‌സ് എന്ന സ്വകാര്യ ബസിൽ വെച്ചാണ് പണം നഷ്ടമായത്. വെള്ളിയാഴ്ച പത്തരയോടെ പൊൻകുന്നം ബസ്റ്റാന്റിൽ എത്തിയ ബസിൽ നിന്നും ഇറങ്ങി ഏതാനും മിനിറ്റു കഴിഞ്ഞാണ് തന്റെ കൈവശമുണ്ടായിരുന്ന പണപ്പൊതി നഷ്ടപ്പെട്ട വിവരം മനസ്സിലാകുന്നത്. പണം നഷ്ട്ടപെട്ടതറിഞ്ഞു റോസമ്മ പൊട്ടിക്കരയുകയായിരുന്നു. ആ സമയത്തേക്ക് ബസ് സ്റ്റാൻഡിൽ നിന്നും ആളെയിറക്കി പുറത്തേക്കു പോയിരുന്നു. ബസ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് കൊടുങ്ങൂർ സ്വദേശി ശ്രീകുമാർ അവരെ സമാധാനിപ്പിച്ചു് പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു പോയി പരാതി നൽകി.

ഓരോ നിമിഷവും വളരെ വിലപെട്ടതാണെന്നു മനസ്സിലാക്കിയ പോലീസ് ഉദോഗസ്ഥർ ഉടൻ തന്നെ ഇവർ കയറിയ ബസ്സ് മനസിലാക്കി ഉടമയെ വിളിച്ച്‌ ഫോൺ നമ്പർ വാങ്ങി ഡ്യൂട്ടി കണ്ടക്ടറെ വിളിച്ചു കാര്യം പറഞ്ഞു. പൊൻകുന്നം ടൗണിൽ പാർക്കു ചെയ്തിരുന്ന ബസിന്റെ അകത്ത് കണ്ടക്ടർ , റോസമ്മ ഇരുന്ന ഭാഗത്ത് പരിശോധന നടത്തി സീറ്റിനടിയിൽ നിന്നം പണപ്പൊതി കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ കണ്ടക്ടർ പള്ളിക്കത്തോട് തകടിയിൽ ശ്രീകുമാറും ചെക്കർ ജോസ് പി ജേക്കബും ചേർന്ന് രണ്ടായിരത്തിന്റെ 125 നോട്ടുകൾ അടങ്ങിയ പണപ്പൊതി പൊൻകുന്നം എ സ്ഐ കെ ഒ സന്തോഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ ഉടമയായ റോസമ്മക്കു തിരികെ നൽകുകയായിരുന്നു. നിറകണ്ണുകളോടെ റോസമ്മ ആ പണം ഏറ്റുവാങ്ങി. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവർത്തനങ്ങളാണ് നഷ്ടപ്പെട്ടുവെന്ന് ഏകദേശം ഉറപ്പായിരുന്ന ആ വലിയ തുക തിരിച്ചുകിട്ടുവാൻ ഇടയാക്കിയത് .