ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യ; ലോട്ടറി മേഖലയിലെ സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം : (ഐ എൻ റ്റി യു സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.

ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യ; ലോട്ടറി മേഖലയിലെ സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം : (ഐ എൻ റ്റി യു സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.


കാഞ്ഞിരപ്പള്ളി. സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ ലോട്ടറി തൊഴിലാളിയായ അഞ്ചിലിപ്പ വേലശ്ശേരി മുഹമ്മദ് ഷാജി ആത്മഹത്യ ചെയ്തത് ലോട്ടറി മേഖലയിലെ സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമാണെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ എൻ റ്റി യു സി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആരോപിച്ചു .

മാർച്ച് മാസം മുതൽ ലോട്ടറി വില മുപ്പത് രൂപയിൽ നിന്നും നാൽപ്പത് രൂപയായി സർക്കാർ ഉയർത്തിയതിനെ തുടർന്ന് വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു . ലോക് ഡൗണിന് ശേഷം വിൽപ്പന പുനരാരംഭിച്ചതിന് ശേഷം പ്രിതിദിനം മൂന്നോ നാലോ ടിക്കറ്റുകൾ മാത്രമാണ് വിൽപ്പന നടത്താൻ ലോട്ടറി തൊഴിലാളികൾക്ക് കഴിയുന്നത്. ഒരു ലോട്ടറിയിൽ നിന്നും കിട്ടുന്ന കമ്മീഷൻ തുച്ഛമായ ആറ് രൂപ മാത്രമാണ്. ഈ വരുമാനം കൊണ്ട് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചിലവുകൾ പോലും നടത്താൻ രോഗിയായ മുഹമ്മദ് ഷാജിക്ക് കഴിഞ്ഞിരുന്നില്ല. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളുടെ അത്യാവശ്യ പഠനച്ചിലവുകൾ പോലും നടത്താൻ കഴിയാത്ത മനോവിഷമത്തിലാണ് മുഹമ്മദ് ഷാജി ആത്മഹത്യ ചെയ്തത് . ലോട്ടറി തൊഴിലാളികളോടുള്ള ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്നും , മുഹമ്മദ് ഷാജിയുടെ മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.

ലോക് ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധികളിൽ നിന്നുള്ള സഹായ ധനം ഭൂരിപക്ഷം തൊഴിലാളികൾക്കും ഇതുവരെ ലഭിച്ചിട്ടില്ല എന്നും ഫിലിപ്പ് ജോസഫ് കുറ്റപ്പെടുത്തി. മുഹമ്മദ് ഷാജിയുടെ ഭവനം സന്ദർശിച്ച ഫിലിപ്പ് ജോസഫ് സംഘടനയുടെ സാമ്പത്തിക സഹായവും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും നൽകി ഐ എൻ റ്റി യു സി ജീല്ലാ ഭാരവാഹികളായ ടി എസ് രാജൻ സുനിൽ സീബ്ലൂ, ബേബി വട്ടയ്ക്കാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ വെട്ടം നിബു ഷൗക്കത്ത് റീജിണൽ കമ്മറ്റി വൈസ് പ്രസിഡന്റ് പി പി അബ്ദുൾ സലാം പാറയ്ക്കൽ, മണ്ഡലം പ്രസിഡന്റ് റസ്സിലി തേനംമാക്കൽ, ഷാജി മൈക്കിൾ, രാജു പൂവത്തുപറമ്പിൽ, രാജു പ്ലാത്തോട്ടം, സിറാജ് അഞ്ചിലിപ്പ എന്നിവരും ഫിലിപ്പ് ജോസഫിനോടൊപ്പം ഉണ്ടായിരുന്നു.