എരുമേലിയിൽ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷ ബാധയുണ്ടെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്, ജനങ്ങൾ ഭീതിയിൽ..

എരുമേലിയിൽ  നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക്  പേ വിഷ ബാധയുണ്ടെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്, ജനങ്ങൾ ഭീതിയിൽ..

എരുമേലി : കഴിഞ്ഞ ദിവസം എരുമേലിയിൽ നിരവധിപേരെ കടിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച തെരുവുനായ്ക്കു പേ വിഷ ബാധയുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ ജനങ്ങൾ ഭീതിയിൽ. പേയുള്ള നായ കടിച്ച മറ്റു തെരുവുനായ്ക്കൾക്കും , മൃഗങ്ങൾക്കും പേ ഉണ്ടായേക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. നായയുടെ കടിയേറ്റ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സമീപകാലത്തു വാഹനത്തിൽ എത്തിച്ച് എരുമേലിയിൽ ആരോ ഉപേക്ഷിച്ച ഒരുപറ്റം നായകൾ ടൗണിൽ അലഞ്ഞു തിരിഞ്ഞു ഭീതി പടർത്തുകയാണ്. ഇതിലുള്ള ഒരു നായയാണ് പേയിളകി നാടിനെ ഭീതിയിലാഴ്ത്തിയ ആക്രമണം നടത്തിയത്.

ശബരിമല തീർത്ഥാടനപാതയിൽ തീർത്ഥാടകരെയും നാട്ടുകാരെയും കടിച്ച  അക്രമാസക്തനായ തെരുവ് നായയെ പോലീസ് സാഹസികമായി പിടികൂടുകയാരുന്നു. കീഴടക്കിയ നായയെ ഒരു ചാക്കിനുള്ളിലാക്കി വെറ്ററിനറി സർജന്റെ അടുക്കലെത്തിച്ച് പരിശോധിച്ചുകൊണ്ടിരിക്കെ നായ ചത്തു.

ജഡം പോസ്റ്റുമാർട്ടം ചെയ്ത ശേഷം തിരുവല്ലയിലെ സർക്കാർ ലാബിൽ നടത്തിയ ആന്തരികാവയവ സാമ്പിളുകളുടെ പരിശോധനയിൽ പട്ടിക്ക് പേവിഷ ബാധയുണ്ടെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച റിപ്പോർട്ട് എരുമേലി പോലീസിന് ലഭിച്ചതോടെ അലഞ്ഞുതിരിയുന്ന നായകളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി പോലീസ് രംഗത്തെത്തി. ഇത് സംബന്ധിച്ച കത്ത് പഞ്ചായത്തധികൃതർക്ക് നൽകുമെന്ന് പോലീസ് അറിയിച്ചു.

ഇതേ നായ മറ്റ് നായകളെ കടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. നാട്ടുകാർ ജാഗ്രതയോടെ സഞ്ചരിക്കണമെന്ന് പോലീസ് അറിയിച്ചു. സ്കൂൾ കുട്ടികൾക്ക് സുരക്ഷ നൽകണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് തെരുവ് നായകളെ എത്രയും വേഗം പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. നായയുടെ കടിയേറ്റത് എട്ട് പേർക്കാണ്. ഇവരെല്ലാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇന്ന് രാവിലെ ചരള ഭാഗത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായ  ഒമ്പത് മണിയോടെ എരുമേലി റ്റി ബി യുടെ മുറ്റത്ത് എത്തിയതോടെ എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വളഞ്ഞു.  അര മണിക്കൂർ പണിപ്പെട്ടിട്ടും നായയെ പിടികൂടാനായില്ല. ഒടുവിൽ പോലീസിനെ വെട്ടിച്ചു റോഡിലൂടെ ഓടിയ നായയെ ടൗണിൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തെ വീടിന്റെ മുറ്റത്ത്‌ വെച്ച് വലയിട്ട് എസ് ഐ ശ്രീജിത്തും സംഘവും പിടികൂടുകയായിരുന്നു. കൊല്ലാതെ ജീവനോടെ പിടികൂടാനുള്ള ശ്രമത്തിൽ പോലീസിനൊപ്പം റവന്യൂ വിജിലൻസ് സ്‌ക്വാഡും നാട്ടുകാരും പങ്കാളികളായി. 

കഴിഞ്ഞയിടെ വാഹനത്തിൽ എത്തിച്ച് എരുമേലിയിൽ ആരോ ഉപേക്ഷിച്ച നായകൾ അലഞ്ഞു തിരിഞ്ഞു ഭീതി പടർത്തുകയാണ്. ഇതിലുള്ള ഒരു നായയാണ് നാടിനെ ഭീതിയിലാഴ്ത്തിയ ആക്രമണം നടത്തിയത്.