ഇന്ന് മഹാശിവരാത്രി; പുണ്യം നേടുവാൻ ഭക്തർ ഉറക്കമിളച്ചു പ്രാർത്ഥിക്കുന്ന ദിവസം

ഇന്ന് മഹാശിവരാത്രി; പുണ്യം നേടുവാൻ ഭക്തർ ഉറക്കമിളച്ചു പ്രാർത്ഥിക്കുന്ന ദിവസം

പൊൻകുന്നം : ഇന്ന് മഹാശിവരാത്രി; ശിവസ്തുതികളുമായി വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി വിപുലമായി ആഘോഷിക്കുന്നു.

മഹാദേവക്ഷേത്രങ്ങൾ ഇന്ന് പഞ്ചാക്ഷരീ മന്ത്രധ്വനികളാൽ മുഖരിതമാകും. ശിവപ്രീതിക്ക് ഉത്തമമായ ശിവരാത്രിനാൾ ഭക്തർ പഞ്ചാക്ഷരീ മന്ത്രം, ബില്വാഷ്ടകം, ശിവസഹസ്രനാമം ചൊല്ലി, ശിവപുരാണം ഭക്തിപൂർവം വായിച്ച് രാത്രി ഉറക്കമിളച്ച് പുണ്യംനേടും. മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതത്താൽ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്രധാനമായി രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്. അമൃതിനായി പാലാഴി മഥനം നടത്തിയപ്പോഴുണ്ടായ കാളകൂടം വിഷം ലോകരക്ഷയ്കായി പരമശിവന്‍ കുടിച്ചു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. വിഷം ശിവനെ ബാധിക്കാതിരിക്കാന്‍ പാര്‍വതി ദേവിയും ദേവന്‍മാരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ച രാത്രിയാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.

മറ്റൊരു ഐതിഹ്യം ത്രിമൂര്‍ത്തികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ്.  മഹാവിഷ്ണുവിന്‍റെ നാഭിയിലുണ്ടായ താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. ജലപ്പരപ്പില്‍ കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന് വിഷ്ണു മറുപടി നല്‍കി. ഇത് ബ്രഹ്മാവിനെ തൃപ്തിപ്പെടുത്തിയില്ല. വിഷ്ണുവും ബ്രഹ്മാവും തമ്മില്‍ യുദ്ധം ആരംഭിച്ചു. ഇതിനിടയില്‍ ഒരു ശിവലിംഗം ഇവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. ശിവലിംഗത്തിന്‍റെ മേലഗ്രവും കീഴഗ്രവും കാണാന്‍ കഴിയുമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്ക് പോയി. വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ ദൂരം കഴിഞ്ഞിട്ടും ഇരുവര്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. ഒടുവില്‍ ഇരുവരും പഴയ സ്ഥലത്തേയ്ക്കു വന്നു. അപ്പോള്‍ പരമശിവന്‍ പ്രത്യക്ഷപ്പെടുകയും തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിക്കുകയും ചെയ്തു. ഇത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നുവെന്നുമാണ് പറയുന്നത്. ഈ ദിനത്തില്‍ മഹാദേവനെ പ്രകീര്‍ത്തിച്ച് മഹാശിവരാത്രിയായി ആഘോഷിക്കുന്നു എന്നാണ് ഐതിഹ്യം.

ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഭസ്മധാരണത്തോടെ ശിവക്ഷേത്ര ദർശനം നടത്തുക. പൂർണ്ണ ഉപവാസം ഉത്തമം. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ, കരിക്കിൻ വെളളമോ, പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ബില്യാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂർവ്വം ചൊല്ലുക.

രാത്രി പൂർണ്ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും, കൂവളത്തില കൊണ്ട് അർച്ചന, ജലധാര എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്.പഞ്ചാക്ഷരീ മന്ത്രമായ ഓം നമശിവായ 108 തവണ ഭക്തിപൂർവ്വം ചൊല്ലുകയോ എഴുതുകയോ ചെയ്യാം

ചിറക്കടവ് ∙ മഹാദേവക്ഷേത്രത്തിൽ ഇന്നു പുലർച്ചെ അഞ്ചു മുതൽ പതിവ് പൂജകൾ, ഒൻപതിന് ചെറുവള്ളി, താന്നുവേലി ക്ഷേത്രങ്ങളിൽ ദർശനവും ഭിക്ഷയും, വൈകിട്ട് അഞ്ചു മുതൽ കാഴ്ച ശ്രീബലി, ഏഴു മുതൽ കെപിഎസി രവിയുടെ സംഗീത സദസ്സ്, രാത്രി ഒൻപതിനു കാവടി നിറയ്ക്കുവാൻ പുറപ്പാട്, 10.15നു സോപാനസംഗീതം, 11 മുതൽ കാവടി അഭിഷേകം, 12നു ശിവരാത്രി പൂജ, 12.30നു വിളക്ക്. രാത്രിഒന്നിനു കാഞ്ഞിരപ്പള്ളി മൂകാംബിക ഓർക്കസ്ട്രയുടെ ഭക്തിഗാനമേള നടക്കും.

പനമറ്റം∙ ഭഗവതിക്ഷേത്രത്തിൽ ഇന്നു ശിവരാത്രി ഉത്സവം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ശിവപുരാണപാരായണം. രാവിലെ 8.30നു നക്ഷത്രനാമകലശം, വൈകിട്ട് 6.30നു ഭജന, 9.45നു രാമപുരം അർജുൻ മോഹന്റെ ഓട്ടൻതുള്ളൽ, 12നു ശിവരാത്രിപൂജ.

പൊൻകുന്നം ∙ എസ്എൻഡിപി യോഗം 1044-ാം ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ ഇന്നു രാവിലെ 10.30നു കലശാഭിഷേകം. വൈകിട്ട് 5.30ന് ശിവപുരാണപാരായണം, 6.45നു ശിവരാത്രിവിളക്ക്, ഏഴിനു തിരുവാതിര, എട്ടിനു നൃത്തോത്സവം, 11നു ചിലമ്പാട്ടം – ഹരിപ്പാട് ചിലമ്പൊലിക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ടുകളും ദൃശ്യാവിഷ്‌കാരവും, 12നു ശിവരാത്രിപൂജ.

ഇളങ്ങുളം ∙ പുല്ലാട്ടുകുന്നേൽ പരദേവതാ ക്ഷേത്രത്തിൽ ഇന്നു രാവിലെ ഒൻപതിന് ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടിഘോഷയാത്ര, 12നു കാവടി അഭിഷേകം, തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് നാലിനു കുംഭകുട ഹിഡുംബൻപൂജ, ഏഴിനു ഭക്തിഗാനമേള, എട്ടിന് ഇളങ്ങുളം വടക്ക് മാരിയമ്മൻ കോവിലിൽനിന്ന് കുംഭകുട ഘോഷയാത്ര, 8.30നു കലാപരിപാടി, 10.30നു കുംഭകുടം എതിരേൽപ്, 12നു ശിവരാത്രിപൂജ.

പൊൻകുന്നം : ഇന്ന് മഹാശിവരാത്രി; ശിവസ്തുതികളുമായി വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി വിപുലമായി ആഘോഷിക്കുന്നു.മഹാദേവക്ഷേത്രങ്ങൾ ഇന്ന് പഞ്ചാക്ഷരീ മന്ത്രധ്വനികളാൽ മുഖരിതമാകും. ശിവപ്രീതിക്ക് ഉത്തമമായ ശിവരാത്രിനാൾ ഭക്തർ പഞ്ചാക്ഷരീ മന്ത്രം, ബില്വാഷ്ടകം, ശിവസഹസ്രനാമം ചൊല്ലി, ശിവപുരാണം ഭക്തിപൂർവം വായിച്ച് രാത്രി ഉറക്കമിളച്ച് പുണ്യംനേടും. മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതത്താൽ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്രധാനമായി രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത് : വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :