ജനത്തെ ആശങ്കയിലാഴ്ത്തി ആയുർവേദ ആശുപത്രി വളപ്പിലെ മാലിന്യം നിക്ഷേപം.

ജനത്തെ ആശങ്കയിലാഴ്ത്തി ആയുർവേദ ആശുപത്രി വളപ്പിലെ മാലിന്യം നിക്ഷേപം.


മുണ്ടക്കയം: കൊവിഡ് 19 പോലുള്ള പകർച്ച വ്യാധികൾ പെരുകുമ്പോൾ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ പഞ്ചായത്തിൻ്റെ ആശാസ്ത്രീയമായ മാലിന്യ നിക്ഷേപമാണ് ജനങ്ങളിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കോരുത്തോട് ഗ്രാമപഞ്ചായത്തിലെ മടുക്കയിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിയുടെ മുകളിലെ നിലയിലും സമീപമുള്ള തുറസ്ഥായ സ്ഥലത്തുമാണ് പഞ്ചായത്ത് അധികൃതർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇതുമൂലം എലി, പാമ്പ് തുടങ്ങിയ ക്ഷുദ്രജീവികൾ
പെരുകുകയും ഡിസ്പെൻസറിയിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ നശിപ്പിക്കുന്നതും പതിവായിരിക്കുന്നു.

മാസങ്ങൾക്ക് മുൻപ് മാലിന്യ നീക്കത്തിൻ്റെ ഭാഗമായി ക്ലീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി വിവിധ വാർഡുകളിൽ മാലിന്യ നിക്ഷേപിക്കുവാൻ പെട്ടികൾ സ്ഥാപിച്ചിരുന്നു. ഹരിതകർമ്മ സേനാഗംങ്ങളുടെ സഹായത്തോടെ ഇവിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ഡിസ്പെൻസറിക്ക് മുകളിൽ നിർമ്മിച്ച കെട്ടിടത്തിൽ എത്തിക്കുന്നത്. എന്നാൽ ഇങ്ങനെ എത്തിക്കുന്ന മാലിന്യങ്ങൾ വേണ്ട രീതിയിൽ വേർതിരിക്കയോ മറ്റോ ചെയ്യാതെ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ഉപയോഗ ശൂന്യമായ മാലിന്യങ്ങൾ സമീപത്തെ കിണറിന് സമീപവുമാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ അടുക്കള മാലിന്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ ഉൾപ്പെടുന്നു. ഇവ അഴുകി ദുർഗന്ധം വമിക്കുന്നത് ഡിസ്പെൻസറിയിൽ എത്തുന്ന ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കഷായവും മറ്റ് മരുന്നുകളും നിർമ്മിക്കുവാൻ ഇവിടെ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കാണ് ഏക ആശ്രയം. ഇത് പൂർണമായും അടച്ച് സൂക്ഷിക്കാത്തതും ആശങ്കയ്ക്ക് ഇടനൽകുന്നു. ക്ഷുദ്രജീവികൾ ടാങ്കിനുള്ളിൽ വീണ് കിടന്നാൽ പോലും അറിയാൻ സാധിക്കുകയില്ല. പഞ്ചായത്തിൻെറ ആശാസ്ത്രീയമായ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ പ്രതിക്ഷേധ പരിപാടികൾ തുടങ്ങുവനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.