മണിമല കൊച്ചുപാലത്തിന് 100 വയസ്

മണിമല കൊച്ചുപാലത്തിന് 100 വയസ്

മണിമല: മണിമലയാറിന് കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലത്തിന് 100 വയസ് തികഞ്ഞു. 1915 ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷ് എന്‍ജിനിയറിങ് വകുപ്പ് മേധാവി ബി. ആസ്റ്റോസ് ആണ് പാലം നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചത്. ഇന്നും ഈ പാലം മണിമല കൊച്ചുപാലം എന്ന പേരില്‍ അറിയപ്പെടുന്നു. അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് സംരക്ഷകരില്ലാതെ നാശത്തിന്റെ വക്കിലാണ് പാലം.

ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഉണക്കിയ തേയില ലോറിയില്‍ കൊണ്ടുവരുന്നതിനാണ് പാലം നിര്‍മ്മിച്ചത്. പാലത്തില്‍ എത്തിക്കുന്ന തേയില മണിമല ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു പതിവ്. മണിമലയാറിന് കുറുകെയുള്ള ആദ്യപാലം കൂടിയായിരുന്നു ഇത്. സ്വാതന്ത്ര്യ സമരകാലത്ത് സമരസേനാനികള്‍ നാട്ടുകാരെ അഭിസംബോധന ചെയ്തിരുന്നത് ഈ പാലത്തില്‍ നിന്നായിരുന്നു. വേനല്‍ക്കാലത്ത് ആറ്റിലെ വെള്ളം വറ്റുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മണല്‍പ്പുറത്തിരുന്ന് നേതാക്കളുടെ പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തരം 1952ല്‍ ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാഗാന്ധിയോടൊത്ത് ഈ പാലം സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ രീതികള്‍ നേരില്‍കണ്ട് മനസ്സിലാക്കുകയായിരുന്നു സന്ദര്‍ശന ഉദ്ദേശ്യം.
ശര്‍ക്കരയും കുമ്മായവും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമായ സുര്‍ക്കിപശ ഉപയോഗിച്ച് കീറിയ കരിങ്കല്ലുകള്‍ പരസ്​പരം ഒട്ടിച്ചാണ് പാലം നിര്‍മ്മിച്ചത്. 100 വര്‍ഷം പിന്നിടുമ്പോഴും പാലത്തിന് കാര്യമായ തകരാറുകള്‍ ഇല്ല. ഇരുകരകെളയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് ഒഴുക്കില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

1954ല്‍ പാലത്തിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന ബസ് ആറ്റിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. കൈവരിയില്ലാത്ത പാലത്തിന് കഷ്ടിച്ച് ഒരു ബസ് കടന്നുപോകുന്നതിനുള്ള വീതിയേ ഉള്ളൂ. ഈ പാലത്തിന് സമാന്തരമായാണ് മണിമല വലിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളാവൂര്‍-മണിമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊച്ചുപാലം സംരക്ഷിക്കുന്നതിന് ഇരു പഞ്ചായത്തുകളും പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഫലം കണ്ടില്ല. പാലം സംരക്ഷിച്ച് നാടിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.