മണിമലയിലേക്കുള്ള യാത്ര സൗകര്യം ദേശീയപാതാ നിലവാരത്തിലേക്ക്..

മണിമല : മണിമലയിൽ ദേശീയപാതാനിലവാരമുള്ള മൂന്നു റോഡുകൾ സംഗമിക്കുന്നതോടെ അവിടേക്കുള്ള യാത്ര സൗകര്യം ആധുനിക നിലവാരത്തിലെത്തും . കൊടുങ്ങൂർ-മണിമല റോഡ് ദേശീയപാതാ നിലവാരത്തിലാക്കുന്ന ജോലി നടന്നുവരുന്നു. കാഞ്ഞിരപ്പള്ളി-മണിമല മോഡൽ റോഡ് ഇതിനുശേഷം വരും. പോരാത്തതിന് മൂവാറ്റുപുഴ-പുനലൂർ റോഡ് പണിയും തുടങ്ങാൻ പോകുന്നു.

കൊടുങ്ങൂർ-മണിമല റോഡ് നവീകരണം പൂർത്തിയാകുന്നതോടെ രണ്ടാണ് നേട്ടം. പാലായിൽനിന്ന് മണിമലവരെ സുഗമയാത്ര ഉറപ്പ്. പാലാ മുതൽ കൊടുങ്ങൂർ വരെയുള്ള റോഡ് ദേശീയപാതാ നിലവാരത്തിൽ നേരത്തെ പണി പൂർത്തിയാക്കിയതാണ്. കൊടുങ്ങൂർ മുതൽ മൂലേപ്ലാവ് വരെയുള്ളതാണ് ഇപ്പോൾ പണി നടക്കുന്നിടം. മൂലേപ്ലാവ് മുതൽ മണിമലവരെ മൂവാറ്റുപുഴ-പുനലൂർ റോഡിന്റെ ഭാഗമാണ്.

ഒൻപത് കിലോമീറ്ററിന് ആറ് കോടിയാണ് ചെലവ്. 5.5 മീറ്റർ വീതിയുണ്ട്. വളവുകൾ പരമാവധി നിവർക്കും. പക്ഷേ, ഇതിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നില്ല. സർക്കാർ സ്ഥലം കണ്ടെത്താൻ സർവേ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 16 കലുങ്കുകളാണുള്ളത്. ഇവയിൽ ദുർബ്ബലമായവ നവീകരിക്കേണ്ടി വരും.

കാഞ്ഞിരപ്പള്ളി-മണിമല മോഡൽ റോഡ് 45 കോടി രൂപ മുടക്കി നവീകരിക്കും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മാതൃകാ റോഡുകളിലൊന്നാണ്. പ്രാഥമിക പദ്ധതി രേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി ധനവകുപ്പിന് നൽകി. രണ്ട് വരിപ്പാതയുടെ ഇരുവശത്തും നടപ്പാതയും ഒാ‌ടയും കേബിൾ ഇടാൻ പ്രത്യേക ഇടവും ഉണ്ടാകും.

മൂവാറ്റുപുഴ-പുനലൂർ റോഡിൽ മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെ നവീകരണം പൂർത്തിയായി. പൊൻകുന്നം മുതൽ പുനലൂർ വരെയാണ് ബാക്കിയുള്ളത്. ഇതുടൻ തുടങ്ങും. മൂന്ന് റീച്ചുകളാണ് പണി. പുനലൂർ-കോന്നി, കോന്നി-പ്ലാച്ചേരി, പ്ലാച്ചേരി-പൊൻകുന്നം എന്നീ ക്രമത്തിൽ പണികൾ നടത്തും. 10മീറ്റർ വീതിയുള്ള റോഡിന് കാൽനടപ്പാതയും ഉണ്ടാകും. മണിമല വഴിയാണ് ഇത് കടന്നുപോകുന്നത്. മൂലേപ്ലാവ് -മണിമല-കറിക്കാട്ടൂർ വഴിയാണ് ഇൗ പാത.

ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ മണിമല-കോട്ടയം, പാലാ-മണിമല, കാഞ്ഞിരപ്പള്ളി-മണിമല, പൊൻകുന്നം-മണിമല, റാന്നി-മണിമല എന്നീ റൂട്ടുകളിൽ യാത്ര എളുപ്പമാകും. കൂടാതെ ശബരിമല തീർഥാടകർക്ക് വടക്ക് നിന്ന് വരുമ്പോൾ മൂവാറ്റുപുഴ-പാലാ-മണിമല-കറിക്കാട്ടൂർ വഴി എളുപ്പം എരുമേലി എത്താം. കോട്ടയത്ത് തീവണ്ടിയിറങ്ങുന്നവർക്കും യാത്ര സുഗമം.

മണിമലയ്ക്ക് സമീപം പുഴയിലേക്ക് റോഡ് ഇടിഞ്ഞ് പോയതിനാൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇവിടെ സംരക്ഷണഭിത്തിയടക്കമുള്ള പ്രവൃത്തി കെ.എസ്.ടി.പി. പദ്ധതിയിൽ വരും. കോടിയിൽ അധികം ചെലവ് വരും. തത്കാലം ഒരുഭാഗത്തെ മൺതിട്ട ഇടിച്ച് മാറ്റി റോഡ് അൽപ്പം വലത്തേക്ക് മാറ്റി വഴിതിരിച്ചുവിടും.

മണിമലയ്ക്ക് മാത്രമല്ല, ഇതിന് സമീപത്തുള്ള ചിറക്കടവ്, ചെറുവള്ളി, താഴത്ത് വടകര, വെള്ളാവൂർ, കറിക്കാട്ടൂർ തുടങ്ങിയ പ്രദേശങ്ങൾക്കെല്ലാം ഗുണം ചെയ്യുന്ന റോഡ് വികസനങ്ങളാണ് പ്രതീക്ഷിക്കുന്നത്.