മാര്‍ മാത്യു അറയ്ക്കലിന് ജനകീയ സ്‌നേഹാദരവ് ഞായറാഴ്ച ; മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പങ്കെടുക്കും, വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാര്‍ മാത്യു അറയ്ക്കലിന് ജനകീയ സ്‌നേഹാദരവ് ഞായറാഴ്ച   ; മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പങ്കെടുക്കും, വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ സ്‌നേഹാദരവ് ഞായറാഴ്ച നടക്കും. കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നാനാജാതി മതസ്ഥരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്ന ജനകീയ സ്‌നേഹാദരവ് സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍, രൂപതാ പി.ആര്‍.ഒ. ഫാ.മാത്യു പുത്തന്‍പറമ്പില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് 4ന് മാര്‍ മാത്യു അറയ്ക്കലിന്റെ ജീവിത വഴികള്‍ ഡോക്കുമെന്ററിയുടെ പ്രദര്‍ശനത്തോടെ പൊതുസമ്മേളനം ആരംഭിക്കും. സംഘാടകസമിതി രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ നേതാക്കള്‍, സംഘാടകസമിതി അംഗങ്ങള്‍, എന്നിവര്‍ ചേര്‍ന്ന് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനേയും മാര്‍ മാത്യു അറയ്ക്കലിനെയും മറ്റു വിശിഷ്ടാതിഥികളെയും സമ്മേളന നഗറിലേയ്ക്ക് ആനയിക്കും. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജനകീയ സ്‌നേഹാദരവ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര പാര്‍ലമെന്ററി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, കേരളനിയമസഭ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി എന്നിവര്‍ ആദരവ് സന്ദേശങ്ങള്‍ പങ്കുവെയ്ക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ എം.പി.മാര്‍, മുന്‍ എം.എല്‍.എ.മാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിലെ ജനപ്രതിനിധികളും ആശംസകള്‍ നേരും.

മാര്‍ മാത്യു അറയ്ക്കലിന്റെ വിവിധങ്ങളായ സേവന ശുശ്രൂഷകളുള്‍ക്കൊള്ളിച്ചുള്ള സ്മരണിക, മുന്‍ പ്രധാനമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.അയ്യപ്പന്‍നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. മാര്‍ മാത്യു അറയ്ക്കലിന് ജനങ്ങളുടെ സ്‌നേഹോപഹാരം നല്‍കി സമ്മേളനത്തില്‍ പ്രത്യേകമായി മുഖ്യമന്ത്രി ആദരിക്കും. സംഘാടകസമതി കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സ്വാഗതവും, സംഘാടകസമിതി ചെയര്‍മാന്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ കൃതജ്ഞതയും രേഖപ്പെടുത്തും. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ജനകീയ സ്‌നേഹാദരവ് സമ്മേളനം സമാപിക്കും. നാലുമണിക്കു മുമ്പായി എല്ലാവരും സമ്മേളന നഗറിലെ ഇരിപ്പിടങ്ങളില്‍ സ്ഥാനമുറപ്പിക്കേണ്ടതാണ്.

വാഹന പാര്‍ക്കിംഗ് ക്രമീകരണം
ജനകീയ സ്‌നേഹാദരവ് ചടങ്ങില്‍ പങ്കുചേരാന്‍ എത്തുന്നവര്‍ അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിന്റെ പ്രധാന കവാടത്തിനു സമീപമുള്ള ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനുശേഷം സമ്മേളന നഗറിലേയ്ക്ക് എത്തിച്ചേരണം.
കോളജ് ഗേറ്റിനുള്ളിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ റിസോഴ്‌സ് ബ്ലോക്കിനു മുന്നില്‍ അതിഥികളെ ഇറക്കിയശേഷം റിസേര്‍ച്ച് സ്‌ക്വയറിന്റെ മുന്‍ഭാഗത്തുകൂടി കോളജിനു പുറകിലുള്ള മെയിന്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
വിശിഷ്ടാതിഥികള്‍ക്കുള്ള പാര്‍ക്കിംഗ്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലും സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയയിലുമായി ക്രമീകരിച്ചിട്ടുണ്ട്.
വൈദികരുടെ വാഹനങ്ങള്‍ ഡിവിഷണല്‍ ബ്ലോക്ക് സി-യ്ക്ക് (ഓട്ടോ മൊബൈല്‍ ബ്ലോക്കിനു സമീപം) മുന്‍വശത്തായി പാര്‍ക്ക് ചെയ്യാവുന്നതാണ്.