മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ ലോക പരിസ്ഥിതി ദിനാചരണം

മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ ലോക പരിസ്ഥിതി ദിനാചരണം


പാറത്തോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി നടപ്പിലാക്കിയ ‘ഭൂമിക്കൊരു കുട’ പദ്ധതി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിപ്രകാരം ഒരുലക്ഷത്തില്‍പ്പരം കാപ്പിത്തൈകളാണ് ഇന്‍ഫാം കര്‍ഷകര്‍ക്കായി സൊസൈറ്റി വിതരണം ചെയ്യുന്നത്. നമ്മുടെ പൊതു ഭവനമായ ഭൂമിക്ക് ഹരിതാഭമാര്‍ന്ന ഒരു കുട നല്‍കാന്‍ ഈ പരിസ്ഥിതിദിനം ഉപകരിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് ആദായവും ലഭ്യമാകുന്ന മലനാടിന്റെ ഈ പദ്ധതി വിജയപ്രദമായിത്തീരട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

ഇന്‍ഫാം കണയങ്കവയല്‍ യൂണിറ്റിലെ കര്‍ഷകര്‍ കാപ്പിത്തൈകള്‍ ഏറ്റുവാങ്ങി.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷതവഹിച്ചു. മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണം നടത്തി. ഇന്‍ഫാം പെരുവന്താനം താലൂക്ക് ഡയറക്ടര്‍ ഫാ. ജെയിംസ് വെണ്‍മാന്തറയില്‍, എംഡിഎസ് ജോയിന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജോയിന്റ് സെക്രട്ടറി ഷാബോച്ചന്‍ മുളങ്ങാശേരി എന്നിവര്‍ പ്രസംഗിച്ചു.