മിനി ബൈപാസ് നിർമാണം പാതിവഴിയിൽ നിലച്ചു; കാടു കയറി മൂടിയ വഴിയിൽ മാലിന്യ കൂമ്പാരങ്ങൾ

കാഞ്ഞിരപ്പള്ളി ∙ നിർമാണം പാതിവഴിയിൽ നിലച്ചതോടെ കാടുമൂടിയ മിനി ബൈപാസിൽ മാലിന്യ നിക്ഷേപവും പതിവായി. ചിറ്റാർ പുഴയോരത്തുകൂടി നിർമിച്ച മിനി ബൈപാസാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നത്. പുഴയുടെയും പുഴയോരത്തെ ബൈപാസിന്റെയും സ്ഥിതി ശോചനീയമാണ്.

നഗരത്തിലെ മാലിന്യങ്ങളിൽ ഭൂരിഭാഗവും വന്നെത്തുന്നതു പുഴയിലും പുഴയോരത്തെ കാടുപിടിച്ച ബൈപാസിലുമാണ്. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവഴിച്ച ബൈപാസാണു കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും നശിക്കുന്നത്. ചിറ്റാർ പുഴയുടെ ഒരുവശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണു മിനി ബൈപാസ് നിർമാണം ആരംഭിച്ചത്.

പദ്ധതിക്കു പൂർണമായ രൂപരേഖ ഇല്ലാത്തതാണു പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണം. പേട്ടക്കവലയിൽനിന്നാരംഭിച്ച് ചിറ്റാർ പുഴയോരത്തുകൂടി ടൗൺ ഹാളിനു സമീപത്തു കുരിശുങ്കൽ ജംക്‌ഷനിൽ മണിമല റോഡിൽ എത്തുന്നതാണു പദ്ധതി. ആറു മീറ്റർ വീതിയിൽ 800 മീറ്ററോളം ദൂരമാണു പദ്ധതിയിൽ റോഡിനുള്ളത്.

എന്നാൽ നടുഭാഗത്തുനിന്ന് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇരുവശങ്ങളിൽ എവിടെയും എത്തിയിട്ടില്ല. ബൈപാസിന്റെ ഇരുവശവും ദേശീയപാതയിൽ പ്രവേശിക്കണമെങ്കിൽ ഇനിയും കടമ്പകളേറെയാണു കടക്കാനുള്ളത്. പേട്ടക്കവലയിൽ ദേശീയപാതയിൽ പ്രവേശിക്കണമെങ്കിൽ പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റണം.

മണിമല റോഡിൽ പ്രവേശിക്കണമെങ്കിൽ ചിറ്റാർ പുഴയ്ക്കു കുറുകെ പാലം നിർമിക്കണം. മിനി ബൈപാസ് യാഥാർഥ്യമായാൽ ഇതുവഴി ഒരു വശത്തേക്കു ചെറുവാഹനങ്ങൾ കടത്തിവിടാനാകും. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച മിനി ബൈപാസിന്റെ നിർമാണത്തിൽ അഴിമതി ആരോപിച്ച് എൽ‌ഡിഎഫ് ഭരണസമിതി നിർമാണത്തിനു തുടർനടപടികൾ സ്വീകരിച്ചില്ല. ഇതോടെ കാടു കയറി മൂടിയ ബൈപാസ് മാലിന്യനിക്ഷേപകേന്ദ്രമായി മാറുകയായിരുന്നു.