ഒൻപത് വയസുകാരന്റെ കുസൃതി ഒരു നാടിനെ മുൾമുനയിൽ നിർത്തി…

ഒൻപത് വയസുകാരന്റെ കുസൃതി ഒരു നാടിനെ മുൾമുനയിൽ നിർത്തി…

കാഞ്ഞിരപ്പള്ളി : ശനിയാഴ്ച ഉച്ചകഴിഞ്ഞു നാട്ടിലെങ്ങും കാട്ടുതീ പോലെ ആ വാർത്ത പ്രചരിച്ചു.. പാറത്തോട് ചിറഭാഗത്ത് നിന്ന് ഒൻപത് വയസുകാരനെ കാണാതായതായി.. അമ്മയോട് നിസ്സാര കാര്യത്തിന് പിണങ്ങി വീടിനു വെളിയിലേക്ക് പോയ കുട്ടിയ പിന്നീട് കണ്ടവരാരുമില്ലായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ കുട്ടി.

വീടിന്റെ പരിസരത്തു അന്വേഷിച്ചിട്ടു കുട്ടിയെ കണ്ടെത്തുവാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ പോലീസിൽ അറിയിച്ചു. വാർത്ത അറിഞ്ഞയുടൻ പോലീസ് ഉണർന്നു പ്രവർത്തിച്ചു. നാടെങ്ങും അന്വേഷണമായി.. പോലീസും നാട്ടുകാരും ചേർന്ന് നാട് അരിച്ചു പെറുക്കി. തോടുകളിലും, അടുത്തുള്ള കിണറിലും, കുളങ്ങളിലും പരിശോധിച്ചു .. കുട്ടിയുടെ പൊടിപോലുമില്ല. .. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെന്നോ എന്നും സംശയിച്ചു, അതിനുള്ള അന്വേഷണവും തുടങ്ങിയിരുന്നു.

സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചു.. കുട്ടിയ കാണ്മാനില്ല എന്ന പരസ്യം ഫേസ്ബുക്കിലും വാട്ട്സ് ആപ്പി ലും പ്രചരിച്ചു.. കുട്ടിക്ക് വേണ്ടി പ്രതേക പ്രാർഥകളും നടത്തി..

എന്നാൽ ഈ കോലാഹലമെല്ലാം നടക്കുമ്പോൾ കാണാതായ കുട്ടി ഇതൊന്നുമറിയാതെ സുഖനിദ്രയിലായിരുന്നു. അതും സ്വന്തം വീടിന്റെ തൊട്ടടുത്തുള്ള വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കിടന്നു കുട്ടി സുഖമായി ഉറങ്ങി..

പാറത്തോട് പാലപ്ര, ചിറഭാഗത്തു താമസിക്കുന്ന ചെമ്പകശേരി നിജി ഭാസ്‌കരന്റെ മകൻ നിരോഷാണ് കഥയിലെ കൊച്ചുവില്ലൻ.. സംഭവം ഇങ്ങനെ : ശനിയാഴ്ച വീട്ടിലിരുന്ന ടിവി കാണുകയായിരുന്നു കുട്ടി. ആ സമയത്തു കനത്ത മഴയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ആകാശം ഇരുണ്ടുമൂടി. പിന്നാലെ ഇടിമിന്നലും ഉണ്ടായി. മിന്നൽ കണ്ടതോടെ കുട്ടിയോട് ടിവി നിര്‍ത്തിവയ്ക്കാന്‍ അമ്മ പറഞ്ഞു. ഇതോടെ അമ്മയോട് പിണങ്ങി കുട്ടി പുറത്തേക്കു പോവുകയായിരുന്നു.

സ്വതവേ കുറച്ചു വാശിയുള്ള നിരോഷ് അമ്മയെ ഒരു പാഠം പഠിപ്പിക്കുവാൻ അടുത്തവീട്ടിലെ കാറിന്റെ അടിയിൽ കയറിക്കിടന്നു ഒളിച്ചിരിക്കുവാൻ ശ്രമിച്ചു . കുറച്ചു കഴിയുമ്പോൾ ഇറങ്ങി ചെല്ലുവാനായിരുന്നു പ്ലാൻ എങ്കിലും, . കുട്ടി കാറിന്റെ അടിയിൽ കിടന്നു ഉറങ്ങിപ്പോയി. നീണ്ട നാല് മണിക്കൂറുകളാണ് കുട്ടി കാറിന്റെ അടിയിൽ കിടന്നു ഉറങ്ങിപോയതു.

അല്പസമയം കഴിഞ്ഞും കുട്ടിയെ കാണാതെ വന്നതോടെ അമ്മ തിരക്കിയിറങ്ങി. വീട്ടുകാർ കുട്ടിയെ പരിസരത്തെല്ലാം അന്വേഷിച്ചുവെങ്കിലും കാറിന്റെ അടിയിൽ കിടന്നിരുന്ന കുട്ടിയെ കണ്ടെത്തുവാനായില്ല. അതോടെ പരിഭ്രാന്തരായ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു ..

നീണ്ട ഉറക്കമെല്ലാം കഴിഞ്ഞു വൈകിട്ട് ആറുമണിയോടെ കാറിന്റെ അടിയിൽ നിന്നും നിരോഷ് പുറത്തിറങ്ങിയപ്പോൾ കാണുന്നത് വീട് നിറയെ ആളുകളും, ബഹളവും കരച്ചിലും മറ്റും. എന്താണ് സംഭവം എന്നറിയാതെ അന്തം വിട്ടു നിന്ന കുട്ടിയ ‘അമ്മ ഓടിയെത്തി വാരിപ്പുണർന്നു..

എന്തായാലും വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയ ആ കൊച്ചു കുസൃതിയെ കണ്ടുകിട്ടിയപ്പോൾ എല്ലാവരും ആശ്വാസത്തോടെ പറഞ്ഞു ” പറ്റിച്ചല്ലോടാ കാന്താരി നീ ഞങ്ങളെ ..”.

അപ്പ്ലോഴും ഒരു കാര്യത്തിൽ എല്ലാവര്ക്കും ആശ്വാസം തോന്നി. കുട്ടി അടിയിൽ കിടക്കുന്നതറിയാതെ കാർ മുന്നോട്ടെടുത്തിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നു.. ?